വൈറ്റ് ഹൗസിൽ തിങ്കളാഴ്ച്ച പ്രസിഡന്റ് ജോ ബൈഡനും പ്രഥമവനിത ജിൽ ബൈഡനും ചേർന്നൊരുക്കിയ ദീപാവലി ആഘോഷത്തിൽ
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ നിന്ന് ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. രാജ്യത്തെ ഒന്നിച്ചു നിർത്തുന്ന മൂല്യങ്ങളെ കുറിച്ച് സംസാരിച്ച ബൈഡൻ അതിഥികളോടു പറഞ്ഞു: "ഇത്എന്റെ വീടല്ല, നിങ്ങളുടെ വീടാണ്."
യുഎസിൽ വളർന്നു കൊണ്ടിരിക്കുന്ന ദക്ഷിണേഷ്യൻ സമൂഹത്തിനുള്ള ആദരം കൂടിയായി ഈ ആഘോഷം.
പ്രസിഡന്റ് വിളക്കു കൊളുത്തിയതോടെ ആരംഭിച്ച ആഘോഷത്തിൽ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും മറ്റു വിശിഷ്ടതിഥികളും പങ്കെടുത്തു. ബഹിരാകാശത്തു നിന്ന് നാസ യാത്രിക സുനിത വില്യംസിന്റെ സന്ദേശവും ഉണ്ടായിരുന്നു.
അമേരിക്കയുടെ സർവരെയും ഉൾക്കൊള്ളുകയും പരിണമിക്കയും ചെയ്യുന്ന മൂല്യങ്ങൾ ദീപാവലിയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വൈവിധ്യവും ചർച്ചയും ഐക്യവുമാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ സവിശേഷത. ദീപാവലിയിൽ എന്ന പോലെ ഇരുട്ടിനെ അകറ്റി വെളിച്ചം പരത്താൻ കഴിയണം.
ദക്ഷിണേഷ്യൻ സമൂഹത്തിന്റെ വിലപ്പെട്ട സംഭാവനകൾക്കു ബൈഡൻ നന്ദി പറഞ്ഞു. "യുഎസിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന സമൂഹമാണിത്," അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക രംഗത്തും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും അവർ നൽകിയ സംഭാവനകൾ അമൂല്യമാണ്."ദക്ഷിണേഷ്യൻ സമൂഹം അമേരിക്കൻ ജീവിതത്തിന്റെ എല്ലാ തലങ്ങളും സമ്പുഷ്ടമാക്കി."