/sathyam/media/media_files/2025/12/26/f-2025-12-26-04-04-38.jpg)
ഷിക്കാഗോ: അമേരിക്കൻ സംസ്ഥാനമായ ഇല്ലിനോയിയിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം വളർത്തുനായ്ക്ക് പേവിഷബാധ (റാബിസ്) സ്ഥിരീകരിച്ചു. ഷിക്കാഗോയിലെ ഒരു കുടുംബം കഴിഞ്ഞ ജൂലൈയിൽ സന്നദ്ധ സംഘടനയിൽ നിന്ന് ദത്തെടുത്ത നായ്ക്കുട്ടിക്കാണ് രോഗം ബാധിച്ചത്. 1994ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു നായയ്ക്ക് പേവിഷബാധ കണ്ടെത്തുന്നത്.
ദത്തെടുത്ത നായ്ക്കുട്ടി പെട്ടെന്ന് അക്രമാസക്തനാവുകയും വീട്ടുകാരെ കടിക്കുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ തിരിച്ചറിഞ്ഞതോടെ ഡിസംബർ 17ന് നായയെ ദയാവധത്തിന് വിധേയമാക്കി. നായയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 13 പേരെ ആരോഗ്യവകുപ്പ് ഉടനടി കണ്ടെത്തുകയും അവർക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിത്തുടങ്ങുകയും ചെയ്തു. നിലവിൽ ഇവർ ആരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
നായയ്ക്ക് നേരത്തെ പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയിരുന്നതായാണ് പ്രാഥമിക വിവരം. വാക്സീൻ നൽകിയിട്ടും എങ്ങനെ രോഗബാധയുണ്ടായി എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇല്ലിനോയിയിൽ സാധാരണയായി വവ്വാലുകളിലാണ് പേവിഷബാധ കണ്ടുവരുന്നത്. ഷിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടിയിൽ 1964ന് ശേഷം ആദ്യമായാണ് ഒരു നായയിൽ ഈ വൈറസ് കണ്ടെത്തുന്നത്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സീൻ നൽകുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം. മൃഗങ്ങളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെയോ ആരോഗ്യവകുപ്പിന്റെയോ സഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us