പൊങ്ങച്ചം അടിക്കാതെ, ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ: ടോം ഹോമനെ ന്യൂസം വെല്ലുവിളിക്കുന്നു

New Update
Hghbvg

കാലിഫോർണിയ: പ്രസിഡന്റ് ട്രംപിന്റെ അതിർത്തി നയം നടപ്പാക്കുന്ന ടോം ഹോമനു ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യണമെന്നു കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം വെല്ലുവിളിച്ചു. അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് തടയാൻ തെരുവിൽ ഇറങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ന്യൂസമും ലോസ് ഏഞ്ജലസ് മേയർ കാരൻ ബാസും ശ്രമിച്ചില്ലെന്നു ആരോപിച്ച്, അവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളാൻ മടിക്കില്ലെന്നു ഹോമൻ താക്കീതു നൽകിയിരുന്നു.

Advertisment

"വെറുതെ പൊങ്ങച്ചം അടിച്ചിട്ട് കാര്യമില്ല. എന്നെ അറസ്റ്റ് ചെയ്യൂ, അത് നമുക്ക് തീർക്കാം, കരുത്തൻ!" ഡെമോക്രാറ്റിക്‌ ഗവർണർ എൻ ബി സിയിൽ പറഞ്ഞു.

"നിയമം ലംഘിച്ചാൽ ആരെയും വിടില്ല," ഹോമൻ നേരത്തെ പറഞ്ഞു. "അനധികൃത കുടിയേറ്റക്കാരനായ വിദേശിയെ അറിഞ്ഞു കൊണ്ട് ഒളിപ്പിക്കുന്നത് ഫെലനി കുറ്റമാണ്. നിയമപാലകരെ ജോലി ചെയ്യുന്നതിൽ നിന്നു തടയുന്നത് ഫെലനിയാണ്."  

ട്രംപ് 2,000 നാഷണൽ ഗാർഡുകളെ വിന്യസിക്കാൻ നടത്തിയ നീക്കം തീ ആളിക്കത്തിക്കലാണെന്നു ചൂണ്ടിക്കാട്ടിയ ന്യൂസം, പ്രസിഡന്റ് രാഷ്ട്രീയ ആയുധമായി ഈ അവസരം ഉപയോഗിക്കയാണെന്നു ആരോപിച്ചു.  

"ഹോമൻ കരുത്തനല്ലേ, വന്നു അറസ്റ്റ് ചെയ്യട്ടെ," ന്യൂസം പറഞ്ഞു. "ഞാൻ എവിടെ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമല്ലോ.

"പക്ഷെ ഒരു കാര്യമുണ്ട്. പഠിക്കാൻ പോകുന്ന നാലു വയസുള്ള പെൺകുട്ടികളെ തൊട്ടു കളിക്കരുത്. ദരിദ്രരെ തൊടരുത്. അവർ ജീവിക്കാനുള്ള ശ്രമത്തിലാണ്. നികുതി കൊടുക്കുന്നവരാണ്. 10 വർഷമായി ഈ നാട്ടിൽ കഴിയുന്നവരാണ്. അവർ നേരിടുന്നത് ഭീതിയാണ്."

എന്താണ് ഫെഡറൽ അധികൃതർ ചെയ്യുന്നതെന്നു ന്യൂസം ചോദിച്ചു. "അവർ വളരേണ്ടതുണ്ട്. വെറുതെ പൊങ്ങച്ചം അടിച്ചിട്ട് കാര്യമില്ല. വരൂ ടോം, വന്നു എന്നെ അറസ്റ്റ് ചെയ്യൂ."  

സൈന്യത്തെ വിന്യസിക്കാനുളള ട്രംപിന്റെ തീരുമാനത്തിനെതിരെ തിങ്കളാഴ്ച്ച കോടതിയിൽ പോകുമെന്നും ഗവർണർ അറിയിച്ചു. "സംസ്ഥാന ഗവർണറുമായി ഏകോപിപ്പിച്ചു മാത്രമേ അതൊക്കെ ചെയ്യാൻ പാടുള്ളൂ. അവർ അത് ചെയ്തില്ല. ഇത് സമഗ്രാധിപത്യ പ്രവണതയാണ്. അധികാര ഭ്രമമാണ്. ഞാനെന്ന ഭാവമാണ്."

നാഷനൽ ഗാർഡുകളെ വിന്യസിച്ചത് നിയമവിരുദ്ധമാണെന്നു ഞായറാഴ്ച്ച ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനു ന്യൂസം എഴുതി. ആ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

നഗരത്തിലെ തെരുവുകൾ ശാന്തമാകുന്നു എന്നാണ് സൂചന. നിയമവിരുദ്ധമായി ആളുകൾ കൂട്ടം കൂടുന്നത് പോലീസ് നിരോധിച്ചു. ചില പ്രതിഷേധക്കാർ പോലീസിനു നേരെ കോൺക്രീറ്റും കുപ്പികളും മറ്റും വലിച്ചെറിഞ്ഞെന്നു അവർ ആരോപിച്ചു. ആൽഫബെറ്റിന്റെ വെയ്‌മോ കാറുകൾ പലതും അഗ്നിക്കിരയായി.