Advertisment

സഭയിലെ പീഡനങ്ങള്‍ മറച്ചുവയ്ക്കരുത്: മാര്‍പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vgbvjhbik

ബ്രസല്‍സ്: പുരോഹിതരില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ പുറത്തുകൊണ്ടുവരുകയും നിയമനടപടികളിലേക്കെത്തിക്കുകയും ചെയ്യണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ബിഷപ്പുമാര്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെല്‍ജിയം സ്പോര്‍ട്സ് സ്റേറഡിയത്തില്‍ തടിച്ചുകൂടിയ മുപ്പതിനായിരത്തിലേറെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നു ദിവസത്തെ ബെല്‍ജിയം സന്ദര്‍ശനത്തിനു പരിസമാപ്തി കുറിച്ചു നടന്ന സമ്മേളനത്തിലാണു സഭയ്ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ മാര്‍പാപ്പ മനസുതുറന്നത്.

വിശ്വാസികളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്ത പുരോഹിതരെ സഭ സംരക്ഷിച്ചതു സംബന്ധിച്ച്, പര്യടനത്തിന്‍റെ ആദ്യ ദിനത്തില്‍, ബെല്‍ജിയം പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡിക്രുവും ഫിലിപ്പ് രാജാവും മാര്‍പാപ്പയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല, നടപടി വേണമെന്നായിരുന്നു ഇരുവരും തുറന്നടിച്ചത്. മാര്‍പാപ്പയുടെ പര്യടനങ്ങളില്‍ അത്യപൂര്‍വമായിരുന്നു ഇത്തരമൊരു പരസ്യ വിമര്‍ശനം.

കഴിഞ്ഞ വര്‍ഷം ഒരു ഡോക്യുമെന്‍ററിയിലൂടെയാണു ബെല്‍ജിയത്തില്‍ പുരോഹിതര്‍ നടത്തിയ പീഡനങ്ങള്‍ പുറംലോകമറിഞ്ഞത്. ഇക്കാര്യത്തില്‍ സഭ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നിരവധി നേതാക്കള്‍ മാര്‍പാപ്പയുടെ പരിപാടികള്‍ ബഹിഷ്കരിച്ചു. അനന്തരവനെ 13 വര്‍ഷം ലൈംഗികമായി ദുരുപയോഗം ചെയ്ത ബിഷപ് റോജര്‍ വാങ്ഹെലുവിനെതിരേ സഭ നടപടിയെടുത്തിരുന്നില്ല.

2010ല്‍ വാങ്ഹെലുവിന് വിരമിക്കാന്‍ അവസരം നല്‍കിയ സഭ മാര്‍പാപ്പയുടെ പര്യടനം നടക്കുന്നതു കണക്കിലെടുത്ത് ഈ വര്‍ഷം ആദ്യമാണ് ഇയാളുടെ ബിഷപ് പദവി നീക്കിയത്. ബെല്‍ജിയത്തില്‍ സഭയ്ക്ക് വിശ്വാസ്യത നഷ്ടമായത് ഇത്തരം നടപടികള്‍ കൊണ്ടാണെന്നു പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Advertisment