അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എജ്യൂക്കേഷൻ, ആൻഡ് ട്രെയിനിങ് (അസറ്റ്) പഞ്ചദിന സമ്മർ ഫ്യൂഷൻ 2024 സംഘടിപ്പിച്ചു. ജൂലൈ 22 മുതൽ 26 വരെ എഡ്മന്റണിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഈ ക്യാംപ്, 40 കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമായി.
ഗ്രൂപ്പ് ഗെയിമുകൾ, നാടക പരിശീലനം, യോഗ, മാജിക്, ടീം ബിൽഡിങ്, നൃത്തം, ചിത്രരചന തുടങ്ങിയ പരിപാടികൾ ക്യാംപിൽ ഉൾപ്പെടുത്തിയിരുന്നു. കമ്പനി ഫാമിലി തിയറ്റർ, സിറ്റി ഓഫ് എഡ്മന്റൻ, വൈഎംസിഎ, സൺ യോഗ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്യാംപിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ, സംസ്ഥാന ഭരണ കക്ഷിയായ യുസിപിയുടെ കോക്കസ് മെമ്പർ എംഎൽഎ ജയ്സൻ സ്റ്റെഫാൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അസറ്റ് ഭാരവാഹികളായ അമ്പിളി സാജു, അനിൽ മാത്യു, ബൈജു പി.വി, സാമുവേൽ മാമൻ, ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. സ്റ്റീവ്, ദിയ, റീസ്,ശ്രേയ, നീൽ, മെൽവിൻ, പ്രമോദ്, റിജുൽ, സുനീഷ, സെബിൻ തുടങ്ങിയ കൗൺസിലർമാരുടെ സേവനവും ക്യാംപിന്റെ വിജയത്തിന് നിർണായകമായി.
കുട്ടികളുടെ വേനൽക്കാലം കൂടുതൽ അർത്ഥവത്താക്കാൻ ഈ ക്യാംപ് സഹായകമായി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. അസറ്റ് നടത്തുന്ന മൂന്നാമത്തെ സമ്മർ ക്യാംപ് ആയിരുന്നു ഇത്. ഡിസംബറിൽ വിന്റർ ഫ്യൂഷൻ 2024 നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.