പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി പരസ്യമായ ഏറ്റുമുട്ടലിലേക്കു നീങ്ങിയ എലോൺ മസ്‌ക് 'ദ അമേരിക്ക പാർട്ടി' എന്ന പേരിൽ സ്വന്തമായി പാർട്ടിയുണ്ടാക്കുമെന്നു സൂചന നൽകി. ശതകോടീശ്വരൻ നേരിട്ട് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഉടമയിലുള്ള എക്‌സ് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകളിൽ അതിന്റെ സൂചന പുറത്തുവന്നു.
ഒരു പോസ്റ്റിൽ, യുഎസിൽ പുതിയൊരു പാർട്ടി ആവശ്യമാണോ എന്ന ചോദ്യം മസ്‌ക് ഉന്നയിച്ചു. 80% പേർ അതിനെ പിന്തുണച്ചെന്നു മസ്‌ക് പറയുന്നു.
അദ്ദേഹം കുറിച്ചു: "ജനം സംസാരിച്ചു. 80% മധ്യവർത്തി അമേരിക്കക്കാരെ പ്രതിനിധീകരിക്കാൻ ഒരു പുതിയ രാഷ്‌ടീയ പാർട്ടി വേണം. കൃത്യം 80% ആളുകൾ യോജിക്കുന്നു."
അതേ തുടർന്നാണ് 'അമേരിക്ക പാർട്ടി' എന്ന പേര് ഒരു എക്‌സ് യുസർ നിർദേശിച്ചത്. "അത് ഗംഭീരം," മസ്‌ക് പ്രതികരിച്ചു. "അമേരിക്കയെ യഥാർഥത്തിൽ പ്രതിനിധീകരിക്കുന്ന പാർട്ടി."
പിന്നീട് അദ്ദേഹം 'ദ അമേരിക്ക പാർട്ടി' എന്നു മാത്രമായി ഒരു പോസ്റ്റും ഇട്ടു.