ഡെൻവർ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നു ശനിയാഴ്ച്ച മയാമിയിലേക്കു ടേക്ക്ഓഫ് ചെയ്ത അമേരിക്കൻ എയർലൈൻസ് വിമാനം ലാൻഡിംഗ് ഗിയറിന്റെ തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്നു തീയും പുകയും ഉയർന്നുവെന്നാണ് റിപ്പോർട്ട്.
ഒരാൾക്കെങ്കിലും പരുക്കേറ്റു. ഉച്ചയ്ക്ക് 2:45നാണു ഫ്ലൈറ്റ് 3023 പറന്നുയർന്നത്. റൺവേയിൽ തീയും പുകയും വ്യാപിക്കുന്നതിനിടയിൽ തിരിച്ചിറക്കിയ വിമാനത്തിൽ നിന്നു 173 യാത്രക്കാരെയും 6 ക്രൂ അംഗങ്ങളെയും എമർജൻസി എക്സിറ്റ് വഴി ഇറക്കി.
ബോയിങ് 737 വിമാനത്തിനു ഗിയർ തകരാർ ആണ് സംഭവിച്ചതെന്നു എഫ് എ എ വൃത്തങ്ങൾ പറഞ്ഞു. ടയറിനു പ്രശ്നം ഉണ്ടായിരുന്നുവെന്നു എയർലൈൻ പറഞ്ഞതായി ഡെൻവർ 7 റിപ്പോർട്ട് ചെയ്തു.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ മയാമിയിലേക്കു അയക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു.