/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
വാഷിങ്ടൺ: എട്ട് രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വേണ്ടി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.
യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. “നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ ? തീർച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും. ഞാൻ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും.
എനിക്ക് അത് വേണ്ട. എന്നാൽ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീർച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല” - ട്രംപ് പറഞ്ഞു. "ഇതുകൂടി (ഗാസ സമാധാന കരാർ) വിജയിച്ചാൽ, എട്ട് മാസത്തിനുള്ളിൽ നമ്മൾ എട്ട് യുദ്ധങ്ങൾക്ക് പരിഹാരം കണ്ടു. അത് വളരെ മികച്ചതാണ്. ആരും ഇന്നുവരെ ഇത് ചെയ്തിട്ടില്ല," - അദ്ദേഹം കൂട്ടിച്ചേർത്തു.