/sathyam/media/media_files/2025/09/05/nndnd-2025-09-05-05-27-35.jpg)
ന്യൂ യോർക്ക് മേയർ എറിക് ആഡംസിനു ട്രംപ് ഭരണകൂടത്തിൽ സ്ഥാനം നൽകി മേയർ മത്സരത്തിൽ നിന്നു പിൻവലിക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. അദ്ദേഹം പിന്മാറിയാൽ ആ വോട്ടുകൾ മുൻ ഗവർണർ ആൻഡ്രൂ കോമോയ്ക്കു ലഭിക്കും എന്നാണ് കണക്കുകൂട്ടൽ. ഇടതു പക്ഷ സ്ഥാനാർഥി സോഹ്രാൻ മാംദാനിയെ തടയാൻ പ്രസിഡൻറ് ട്രംപ് കാണുന്ന ഒരു തന്ത്രമാണിതെന്നു വ്യാഖ്യാനമുണ്ട്.
ആഡംസുമായി ഉയർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. അംബാസഡർ സ്ഥാനമാണ് അവർ വച്ച് നീട്ടുന്നതാണെന്ന് റിപ്പോർട്ട്.
എന്നാൽ താൻ മത്സരത്തിൽ തന്നെയുണ്ടെന്നു ആഡംസ് നിഷ്കർഷിക്കുന്നു. നവംബറിൽ നടക്കുന്ന തിരഞ്ഞടുപ്പിൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത് ഡെമോക്രാറ്റിക് പ്രൈമറികൾക്കു മുൻപായി വമ്പൻ അഴിമതി കേസുകളിൽ പെട്ടു എന്നതു കൊണ്ടാണ്. "ഞാൻ വിജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. വീണ്ടും വിജയിക്കുമെന്ന് ഉറപ്പുണ്ട്," ആഡംസ് ബുധനാഴ്ച്ച മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ അദ്ദേഹത്തിന്റെ വിജയം അസാധ്യമാണെന്നാണ് നിരീക്ഷണം. സർവേകളിൽ മാംദാനിക്കു ഏറെ ദൂരം പിന്നിലാണ് അദ്ദേഹം.
മുൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ അഴിമതിക്കേസിൽ നിന്നു സംരക്ഷിച്ചില്ല എന്ന പരാതിയുള്ള ആഡംസിനു ആ കേസ് വ്യാജമാണെന്നു പ്രഖ്യാപിച്ച ട്രംപിനോടു കടപ്പാടും അടുപ്പവും ഉണ്ടായി. ന്യൂ യോർക്കിൽ നിർണായക സാന്നിധ്യമുള്ള ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തെ ഉപയോഗിക്കാമെന്നു ട്രംപ് കരുതുന്നുമുണ്ട്.
കോമോ മേയറാവണം എന്ന ആഗ്രഹം കൂടിയുള്ള ട്രംപിനു ആഡംസിനെ മത്സരത്തിൽ നിന്നു ഊരിയെടുത്താൽ അതു നടന്നേക്കും എന്ന പ്രതീക്ഷയുണ്ട്. സർവേകൾ പറയുന്നത് മാംദാനിയും കോമോയും നേരിട്ടു മുട്ടിയാൽ മത്സരം കടുക്കും എന്നാണ്.
ആഡംസ് ട്രംപുമായി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നു അദ്ദേഹത്തിന്റെ വക്താവ് ടോഡ് ഷാപിറോ പറഞ്ഞു.
കോമോയും ട്രംപും തമ്മിൽ മേയർ മത്സരത്തെ കുറിച്ചു സംസാരിച്ചിട്ടുണ്ടെന്നു മാംദാനി ചൂണ്ടിക്കാട്ടി. "നമ്മൾ സംശയിച്ച പോലെ തന്നെ, ആൻഡ്രൂ കോമോ ഈ നഗരത്തിന്റെ അടുത്ത മേയറാവണം എന്നാണ് ട്രംപിന്റെ ആഗ്രഹം," അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. "കോമോയുമായി നേരിട്ടു ഏറ്റുമുട്ടാൻ എനിക്കു പ്രശ്നമൊന്നുമില്ല. അദ്ദേഹം പ്രൈമറിയിൽ അതിനു മാസങ്ങളോളം ശ്രമിച്ചതാണ്. ഞാൻ 13 പോയിന്റിനാണ് അദ്ദേഹത്തെ തോല്പിച്ചത്."
ആഡംസ് നാലു വർഷം കൂടി മേയറായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നു സിറ്റി ഹോൾ വക്താവ് കയ്‌ല മമേലക് പറഞ്ഞു.