ട്രംപ് ചുമത്തിയ 30% തീരുവയിൽ ഇ യുവിനു രോഷം; തിരിച്ചടിക്കണമെന്നു നേതാക്കൾ

New Update
gahg cj

യൂറോപ്യൻ യൂണിയനു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് 30% ഇറക്കുമതി തീരുവ ചുമത്തിയതിനോടു ശക്തമായി പ്രതികരിക്കണമെന്ന് യൂണിയനിലെ 27 അംഗ രാജ്യങ്ങളിലും ആവശ്യം ഉയർന്നു. വ്യാപാര ചർച്ചകൾ തുടർന്നു കൊണ്ടിരിക്കെയാണ് ട്രംപ് ഏകപക്ഷീയമായി തീരുവ പ്രഖ്യാപിച്ചത്.

Advertisment

ഇ യുവുമായി വ്യാപാര ബന്ധങ്ങളിൽ സന്തുലിതാവസ്ഥ ഇല്ലെന്നാണ് ട്രംപിന്റെ ആരോപണം. ഇ യുവുമായുളള വ്യാപാരത്തിൽ യുഎസിനു $235.6 ബില്യൺ വ്യാപാര കമ്മിയാണ് 2024ൽ ഉണ്ടായിരുന്നത്.

ട്രംപിന്റെ താരിഫ് അറ്റ്ലാന്റിക്കിനു കുറുകെയുള്ള അവശ്യ വിതരണ ശ്രുംഖലകൾ തകർക്കുമെന്നു യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻ ഡെർ ലേയെൻ താക്കീതു നൽകി. ബിസിനസുകൾക്കും ഉപയോക്താക്കൾക്കും രോഗികൾക്കും അത് പ്രശ്നമുണ്ടാക്കും.

ചർച്ച തുടരാൻ ഉറച്ചു തന്നെയാണ് ഇ യു എന്നു ചൂണ്ടിക്കാട്ടിയ അവർ, വേണ്ടി വന്നാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കി.

മുഖത്തു തന്നെ അടിച്ചതു പോലെയായി

ആഴ്ച്ചകളോളം ചർച്ച നടന്നിരിക്കെ ട്രംപിന്റെ നീക്കം മര്യാദകേടായി എന്നു യൂറോപ്യൻ പാർലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതി ചെയർ ബേൺഡ് ലംഗ് പറഞ്ഞു. "മുഖത്തു തന്നെ അടിച്ചതു പോലെയായി അത്." 

കാത്തിരിപ്പ് മതിയായി എന്നു അഭിപ്രായപ്പെട്ട അദ്ദേഹം തിങ്കളാഴ്ച്ച തന്നെ തിരിച്ചടി നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

താരിഫ് വിലക്കയറ്റം ഉണ്ടാക്കുമെന്നു യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. അത് വളർച്ച തടയുകയും ചെയ്യും.

ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു. "യുഎസ് നടപടി ഞാൻ ശക്തമായി തള്ളിക്കളയുന്നു."

സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും തീരുവ യുഎസ് 'ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതിനെ' വിമർശിച്ചു. വേണ്ടി വന്നാൽ തിരിച്ചടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പ് ഒറ്റക്കെട്ടായി ഈ നീക്കത്തെ എതിർക്കണമെന്ന് ചെക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പറഞ്ഞു.

Advertisment