റഷ്യയെ തൊട്ടാല്‍ തിരിച്ചടിക്കും: യൂറോപ്പിനു മുന്നറിയിപ്പ്

New Update
Nnb

യൂറോപ്പിനെ ആക്രമിക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നും, എന്നാല്‍, ഇങ്ങോട്ട് ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ മടിക്കില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. യു.എന്‍ പൊതുസഭയിലെ പ്രസംഗത്തിലാണ് മുന്നറിയിപ്പ്.

Advertisment

റഷ്യയും നാറ്റോയും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, യുദ്ധവിമാന സാന്നിധ്യത്തെ ചൊല്ലി സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ലാവ്റോവിന്റെ പ്രസ്താവന.

പോളണ്ട്, എസ്തോണിയ എന്നീ രാജ്യങ്ങള്‍ക്കു മേല്‍ പറന്ന ഡ്രോണുകള്‍ നാറ്റോ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുകയും പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പ്രവേശിക്കുകയും ചെയ്തത് കനത്തവിമര്‍ശനത്തിനിടയാക്കിയിരുന്നു. റഷ്യന്‍ ഡ്രോണുകള്‍ എസ്തോണിയയുടെ ആകാശത്ത് എത്തിയില്ലെന്നും പോളണ്ടില്‍ കടന്നത് യുക്രെയ്ന്‍ നടത്തിയ ഇടപെടല്‍ മൂലമാണെന്നുമാണ് റഷ്യന്‍ പ്രതികരണം. വിമാനങ്ങള്‍ക്ക് സിഗ്നല്‍ ലഭിക്കാത്ത വിധം യുക്രെയ്ന്‍ ഇടപെട്ടുവെന്നാണ് ആരോപണം.

അതിനിടെ, ഡെന്മാര്‍ക്കിലും നോര്‍വേയിലും ഡ്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാള്‍ട്ടിക് കടലില്‍ പ്രതിരോധ സംവിധാനം ശക്തമാക്കി നാറ്റോ. ഇതിന്റെ ഭാഗമായി ഞായറാഴ്ച പോളണ്ട് വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. ഡെന്മാര്‍ക്കില്‍ തിരക്കുപിടിച്ച കോപന്‍ഹേഗന്‍ വിമാനത്താവളം മണിക്കൂറുകള്‍ അടച്ചിട്ടു. മറ്റ് അഞ്ചു വിമാനത്താവളങ്ങളും ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ബോധപൂര്‍വം വ്യോമാതിര്‍ത്തി ലംഘിച്ച് റഷ്യ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് യൂറോപ്യന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇനിയും ഇത്തരം നടപടികളുണ്ടായാല്‍ തിരിച്ചടി കനത്തതാകുമെന്ന് നാറ്റോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രെയ്ന് നഷ്ടമായ ഭൂമിയത്രയും തിരിച്ചുപിടിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. നേരത്തേ, ഇവക്കുമേല്‍ അവകാശവാദം ഉന്നയിക്കാതെ പിന്‍വാങ്ങണമെന്നായിരുന്നു ട്രംപിന്റെ ഉപദേശം.

Advertisment