/sathyam/media/media_files/2025/08/18/hbvvv-2025-08-18-03-45-25.jpg)
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ്-റഷ്യ-യുക്രൈൻ ത്രികക്ഷി ഉച്ചകോടി വേണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ യൂറോപ്യൻ നേതാക്കൾ സ്വാഗതം ചെയ്തു. തിങ്കളാഴ്ച്ച വാഷിംഗ്‌ടണിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുമായി നടത്തുന്ന കൂടിക്കാഴ്ചയിലേക്കു ട്രംപ് അവരെ വിളിച്ചിട്ടുണ്ട്.
ഈ ചർച്ച ഫലപ്രദമായാൽ വെള്ളിയാഴ്ച്ച ത്രികക്ഷി ഉച്ചകോടി നടത്തണം എന്നാണ് ട്രംപിന്റെ ലക്‌ഷ്യം.
തിങ്കളാഴ്ച വാഷിംഗ്‌ടണിൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കിയ നേതാക്കൾ ഇവരാണ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡ്രിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ.
ഈ നേതാക്കൾ ട്രംപിന്റെ നീക്കങ്ങളെ പൊതുവിൽ സ്വാഗതം ചെയ്തു. യുക്രൈനിൽ യുദ്ധം അവസാനിപ്പിച്ചു ശാശ്വതമായ സമാധാനം കണ്ടെത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു എന്ന് അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം, ഏതു കരാറിലും യുക്രൈന്റെ സുരക്ഷ ഭേദിക്കാൻ കഴിയാത്ത വിധം ഉറപ്പാക്കണമെന്നു അവർ ചൂണ്ടിക്കാട്ടി. യുക്രൈന്റെ ഭൂമി വിട്ടു നൽകുന്നത് അംഗീകരിക്കുന്നില്ല എന്നു വ്യക്തമാക്കി, ആ രാജ്യത്തിൻറെ പരമാധികാരത്തിനും അതിർത്തികളുടെ ഭദ്രതയ്ക്കും അവർ പിന്തുണ നൽകി.
യുക്രൈന്റെ ഭാവി സഖ്യങ്ങൾ ആ രാജ്യം തീരുമാനിക്കണം എന്ന് അവർ പറഞ്ഞു. അതായത്, നേറ്റോയിലും ഇ യുവിലും ചേരാൻ പാടില്ല എന്നിങ്ങനെയുളള റഷ്യൻ വ്യവസ്ഥകൾ സ്വീകാര്യമല്ല.
യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് അവർ താക്കീതു നൽകുകയും ചെയ്തു.