/sathyam/media/media_files/2025/08/19/gvcv-2025-08-19-04-26-18.jpg)
വൈറ്റ് ഹൗസിൽ തിങ്കളാഴ്ച്ച പ്രസിഡന്റ് ട്രംപിനെ കാണുന്ന യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ പിന്തുണയ്ക്കാൻ യൂറോപ്പിൽ നിന്നു ശക്തമായ നേതൃനിരയാണ് എത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ആവശ്യങ്ങൾക്കു വഴങ്ങി ട്രംപ് സിലിൻസ്കിയുടെ മേൽ സമ്മർദം ചെലുത്തി സമാധാന കരാർ ഉണ്ടാക്കാൻ ശ്രമിക്കും എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഈ നീക്കം.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡ്രിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയെൻ, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ എന്നിവർ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
"യൂറോപ്പ് ഈ ചർച്ചയിൽ ഒരു പങ്കു വഹിക്കും," ഫ്രെഡ്രിക് മെർസ് ഞായറാഴ്ച്ച പറഞ്ഞു. "ഞങ്ങൾ കൂട്ടായി തയാറെടുക്കുന്നുണ്ട്."
അലാസ്‌കയിൽ ട്രംപ്-പുട്ടിൻ ചർച്ചയിൽ പങ്കെടുത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു: "രണ്ടു ഭാഗവും ചിലതൊക്കെ നേടുകയും ചിലതൊക്കെ വിട്ടുകൊടുക്കുകയും ചെയ്യണം. അങ്ങിനെ മാത്രമേ കരാർ ഉണ്ടാക്കാനാവൂ."
പുട്ടിൻ ലോക വേദിയിൽ ശ്രദ്ധിക്കപ്പെടേണ്ട നേതാവാണെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.
യുദ്ധത്തിൽ വെടിനിർത്തൽ ഉടൻ ഉണ്ടാവണമെന്നും ഇല്ലെങ്കിൽ റഷ്യയ്‌ക്കെതിരെ കഠിന നടപടി എടുക്കുമെന്നും ഉച്ചകോടിക്കു മുൻപ് താക്കീതു നൽകിയ ട്രംപ് അത് കഴിഞ്ഞപ്പോൾ ആ ആവശ്യം ഉപേക്ഷിച്ചു സ്ഥിരം സമാധാനത്തിനുളള കരാർ എന്ന ആവശ്യത്തിലേക്കു നീങ്ങിയതോടെയാണ് യൂറോപ്പ് സിലിൻസ്കിക്കു പിന്നിൽ അണിനിരന്നത്.
സിലൻസ്കിയെ ട്രംപ് ഒതുക്കാൻ ശ്രമിക്കുമെന്നും അത് തടയാനാണ് യൂറോപ്യൻ നേതാക്കൾ വരുന്നതെന്നുമുള്ള റിപ്പോർട്ടുകൾ വിഢിത്തമാണെന്നു റുബിയോ പറഞ്ഞു. "പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് അവർ വരുന്നത്."
സമാധാന കരാറിൽ അന്തിമ തീരുമാനം സിലിൻസ്കിയുടെതാണെന്നു ട്രംപും റുബിയോയും പറഞ്ഞിട്ടുണ്ട്.
ബ്രസൽസിൽ യൂറോപ്യൻ നേതാക്കളെ കണ്ട സിലിൻസ്കി എക്‌സിൽ കുറിച്ചു: "2022ലെപ്പോലെ യൂറോപ്പ് ഒന്നിച്ചു നിൽക്കുന്നു എന്നത് നിർണായകമാണ്. യുക്രൈന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും വ്യക്തമായ പിന്തുണയുണ്ട്. അതിർത്തികൾ ബലം പ്രയോഗിച്ചു മാറ്റാൻ പാടില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു."
യുഎസ് കൂടി പങ്കെടുത്തു യുക്രൈന്റെ സുരക്ഷ ഉറപ്പാക്കാനുളള സംവിധാനം ഉണ്ടാക്കാൻ ഉച്ചകോടിയിൽ തീരുമാനം ഉണ്ടായതിനെ സിലിൻസ്കി സ്വാഗതം ചെയ്തു. "അതിൽ യൂറോപ്യൻ പങ്കാളിത്തവും വേണം. ഭൂമിയും ആകാശവും കടലും ഉൾപെടണം."