/sathyam/media/media_files/2026/01/03/d-2026-01-03-05-45-02.jpg)
വാഷിങ്ടൺ: യുഎസ് പൗരനെ /പൗരയെ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡ് ലഭിക്കാനുള്ള ഉറപ്പ് നൽകുന്നില്ലെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി.
യുഎസിലെ കുടിയേറ്റക്കാർക്കിടയിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്ന അനുമതിയാണ് ഗ്രീൻ കാർഡ് അഥവാ സ്ഥിരം താമസത്തിനുള്ള അനുമതി രേഖ.
ഗ്രീൻ കാർഡ് ഉടമകൾ പൂർണമായും അമേരിക്കൻ പൗരർക്ക് തുല്യരല്ലെങ്കിലും പല അവകാശങ്ങളും യുഎസ് പൗരർക്ക് സമാനമായി ലഭിക്കുമെന്നത് ഗ്രീൻ കാർഡിനെ കുടിയേറ്റക്കാർക്കിടയിൽ ആകർഷണീയമാക്കുന്നു.യുഎസ് പൗരത്വം നേടാനുള്ള ഒരു മാർഗം കൂടിയാണിത്.
അമേരിക്കൻ പൗരനെ വിവാഹം കഴിച്ച് ഗ്രീൻ കാർഡ് നേടുന്ന രീതിയും നിലവിലുണ്ട്. എന്നാൽ ഇനി അക്കാര്യത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് ട്രംപ് ഭരണകൂടം. ഗ്രീൻ കാർഡ് നേടാനായി യുഎസ് പൗരന്മാരെ വിവാഹം കഴിക്കുന്ന രീതി ഇല്ലാതാക്കാനാണ് നീക്കം.
വിവാഹം വഴി ഗ്രീൻ കാർഡ് ലഭിക്കുമെന്നതിനുള്ള ഉറപ്പ് നൽകുന്നില്ലെന്നാണ് ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗം വ്യക്തമാക്കുന്നതനുസരിച്ച്, ഒരു യുഎസ് പൗരന്റെ / പൗരയുടെ പങ്കാളി "യുഎസ് പൗരന്റെ /പൗരയുടെ അടുത്ത ബന്ധു" എന്ന വിഭാഗത്തിലാണ് വരുന്നത്. യുഎസ് നിയമപ്രകാരം,അമേരിക്കൻ പൗരരുടെ ഭാര്യാഭർത്താക്കന്മാർ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ അർഹതയുണ്ട്.എന്നിരുന്നാലും, വിവാഹം ഗ്രീൻകാർഡിനുള്ള ഉറപ്പ് നൽകില്ലെന്ന്ഇമിഗ്രേഷൻ അറ്റോർണി പറഞ്ഞു.
വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനാണ് തീരുമാനം. വിവാഹം യഥാർത്ഥമാണോ അതോ രേഖകളിൽ മാത്രമാണോ നിയമപരമായി നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ സൂക്ഷ്‌മമായി പരിശോധിക്കും.
ഒരുമിച്ചല്ലാതെ താമസിക്കുന്ന വിവാഹിതരായ ദമ്പതിമാരുടെ അപേക്ഷകൾ നിരസിക്കപ്പടാനുള്ള സാധ്യതയുണ്ടെന്ന് ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള കേസുകളിൽ, "ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നിങ്ങൾ എന്തിന് അകന്നു താമസിക്കുന്നു എന്നത് കണക്കിലെടുക്കില്ല. ജോലിക്കോ പഠനത്തിനോ പണത്തിനോ സൗകര്യത്തിനോ ആണെങ്കിലും അക്കാര്യം ഉദ്യോഗസ്ഥർ കണക്കിലെടുക്കില്ല. നിങ്ങൾ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്ന് മാത്രമാണ് അവർക്ക് അറിയേണ്ടത്", ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ഇമിഗ്രേഷൻ അറ്റോർണി വ്യക്തമാക്കി.
നിയമാനുസൃതമായ വിവാഹം എന്നത് ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നവരാണെന്നാണ് ഇമിഗ്രേഷൻ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ചല്ലാതെയുള്ള താമസം വിവാഹ തട്ടിപ്പായി കണക്കാക്കിയേക്കാം. ഇത് ഗ്രീൻ കാർഡ് അപേക്ഷ നിരസിക്കൽ ഉൾപ്പെടെയുള്ള കൂടുതൽ നടപടികൾ ക്ഷണിച്ചു വരുത്താനിടയാക്കുമെന്നും ബ്രാഡ് ബേൺസ്റ്റീൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us