/sathyam/media/media_files/2025/09/01/bbbv-2025-09-01-04-52-26.jpg)
ഇന്ത്യക്കെതിരായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് തിരിച്ചടിക്കുമെന്നു വൺ വേൾഡ് ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ട്രംപിന്റെ നിലപാട് തന്ത്രപരമായി പിഴവും സാമ്പത്തികമായി തിരിച്ചടിക്ക് ഇടയാക്കുന്നതും ആണെന്നു ലേഖനം പറയുന്നു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൃതാവസ്ഥയിൽ ആണെന്നു ട്രംപ് പറയുമ്പോൾ ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ ഇന്ത്യ ഭദ്രമായ 7.8% വളർച്ചാ നിരക്ക് കൈവരിച്ചു എന്നതാണ് വാസ്തവം. ട്രംപിന്റെ 50% തീരുവയുടെ മുന്നിലും അഞ്ചു ക്വാർട്ടറിലെ ഏറ്റവും വലിയ വളർച്ചയാണ് ഇന്ത്യ നേടിയത്.
ബാഹ്യമായ വ്യാപാര സംഘർഷങ്ങളെ അതിജീവിക്കുന്ന വളർച്ചയുമാണത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച കയറ്റുമതിയെ ആശ്രയിച്ചല്ല നിൽക്കുന്നതെന്ന് അതു തെളിയിക്കുന്നു.
ട്രംപിന്റെ നിലപാട് യുഎസിനെ കൂടുതൽ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഒരു പങ്കാളിയിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ. സാമ്പത്തികവും തന്ത്രപരവുമായി സുപ്രധാന കരുത്തുള്ള സഖ്യ രാഷ്ട്രമാണ് നഷ്ടമാവുന്നതെന്നു ആൻഡ്രൂ വിൽസൺ എഴുതിയ ലേഖനത്തിൽ പറയുന്നു.
യുഎസ് കമ്പനികൾ ഇന്ത്യയുമായി ബന്ധം ഉപേക്ഷിക്കണമെന്നു ട്രംപ് ആഹ്വാനം ചെയ്യുമ്പോഴും ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമാണം വിപുലമാക്കാൻ $2.5 ബില്യൺ നിക്ഷേപിക്കുന്നു. ചൈനയെ വിട്ടു ഇന്ത്യയിലേക്ക് ആപ്പിൾ നീങ്ങുന്നത് ഇന്ത്യയുടെ ഉത്പാദന സംവിധാനത്തിലും മികവുള്ള തൊഴിലാളികളുടെ ലഭ്യതയിലും നയപരമായ ഭദ്രതയിലും വിശ്വാസം ഉള്ളതു കൊണ്ടാണ്.