Advertisment

പുറത്താക്കല്‍ ഭീഷണി: കാനഡയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

New Update
xfchfvjgji

ടൊറന്റോ: കനേഡിയന്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. കുടിയേറ്റ നയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങളില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് കാനഡയില്‍ അരങ്ങേറുന്നത്. 70,000-ഓളം വിദേശ വിദ്യാര്‍ഥികളാണ് കാനഡയില്‍നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതിലേറെ മലയാളികളും.

Advertisment

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമനിര്‍മാണ സഭയ്ക്ക് മുന്നിലടക്കം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയത്. ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും സമാനമായ വിധത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്.

പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് പുതിയ നയമാറ്റത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാലിത് നിരവധി വിദ്യാര്‍ഥികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്ത് ജനസംഖ്യ വര്‍ധനയുടെ തോത് കൂടിയതാണ് നടപടിയെടുക്കാന്‍ കാരണം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഫെഡറല്‍ ഡാറ്റ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ 97 ശതമാനം ജനസംഖ്യ വര്‍ധനവിന് കാരണം കുടിയേറ്റമാണെന്നാണ് റിപ്പോര്‍ട്ട്.

വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാര്‍ഥി അഭിഭാഷക സംഘടനയായ നൗജവാന്‍ സപോര്‍ട്ട് നെറ്റ്വര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2023-ല്‍ കാനഡയിലെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണെന്നാണ് കണക്ക്.  പരിധി നിശ്ചയിക്കുന്നതോടെ 2024-ല്‍ ഏകദേശം 3,60,000 അംഗീകൃത സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ്. കാനഡയില്‍ താല്‍കാലികമായി താമസിക്കുന്നവര്‍ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.



Advertisment