ന്യൂ യോർക്ക് ക്വീൻസിൽ 2024 മാർച്ചിൽ പോലീസിന്റെ വെടിയേറ്റു മരിച്ച വിൻ റൊസാരിയോയുടെ (19) കുടുംബം എൻ വൈ പി ഡിക്കെതിരെ കേസ് കൊടുത്തു. പോലീസ് നിയമങ്ങൾ ലംഘിച്ചു യാതൊരു ന്യായവുമില്ലാതെയാണ് വീട്ടിൽ കടന്നു രണ്ടു മിനിറ്റിനകം യുവാവിനെ വെടിവച്ചതെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
സാൽവദോർ അലോങ്ങി, മാത്യു സിയാൻഫ്രോക്കോ എന്നീ എൻ വൈ പി ഡി ഓഫിസർമാരാണ് പ്രതികൾ. പോലീസ് സഹായം തേടി 911ൽ റൊസാരിയോ വിളിച്ചപ്പോഴാണ് അവർ എത്തിയത്. റൊസാരിയോയുടെ കൈയ്യിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കത്രിക ഉണ്ടായിരുന്നു.
എന്നാൽ യുവാവ് ഏറെ അകലത്തിൽ നിൽക്കുമ്പോഴാണ് ഓഫിസർമാർ തിരക്കിട്ടു വെടിവച്ചത്. രണ്ടു മിനിറ്റിനകം അവർ നിറയൊഴിച്ചു.
ഓഫിസർമാരുടെ ബോഡിക്യാമിൽ എല്ലാം പകർത്തിയിട്ടുണ്ട്.
ഓഫിസർമാർ ശാന്തമായി പ്രവർത്തിച്ചിരുന്നെങ്കിൽ റൊസാരിയോയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് കുടുംബം പറയുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. "അവരെ അറസ്റ്റ് ചെയ്തില്ല, പ്രോസിക്യൂട്ട് ചെയ്തില്ല, പിരിച്ചു വിട്ടില്ല," യുവാവിന്റെ 'അമ്മ നോട്ടൻ ഇവാ കോസ്റ്റ പറയുന്നു.
അന്വേഷണം സംബന്ധിച്ച യാതൊരു വിവരങ്ങളും മേയർ എറിക് ആഡംസ് നൽകിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
മൂന്ന് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് എൻ വൈ പി ഡി പറയുന്നു.