/sathyam/media/media_files/2025/08/26/vcc-2025-08-26-03-55-36.jpg)
മൂന്നു പേർ കൊല്ലപ്പെട്ട ഫ്ലോറിഡ റോഡ് അപകടത്തിൽ കുറ്റം ആരോപിക്കപ്പെട്ട ട്രക്ക് ഡ്രൈവർ ഹർജിന്ദർ സിംഗിനെ കടുത്ത ശിക്ഷയിൽ നിന്നു ഒഴിവാക്കണമെന്നു അദ്ദേഹത്തിന്റെ കുടുംബം അപേക്ഷിച്ചു. 45 വർഷം വരെ നീളാവുന്ന ജയിൽ ശിക്ഷയാണ് 28 വയസുള്ള സിംഗ് നേരിടുന്നത്.
പഞ്ചാബിലെ തറൺ താരണിൽ റത്താവുൾ ഗ്രാമത്തിൽ നിന്നുള്ള സിംഗിന്റെ മേൽ ഓഗസ്റ്റ് 12 അപകടത്തിന്റെ പേരിൽ മൂന്നു കൊലക്കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
സിംഗ് ഓടിച്ചിരുന്ന ട്രക്ക് നിയമം ലംഘിച്ചു യു ടേൺ എടുത്തപ്പോൾ മിനിവാനിൽ ഇടിക്കുകയായിരുന്നു. വാനിലെ രണ്ടു യാത്രക്കാർ ഉടൻ മരിച്ചു, മൂന്നാമതൊരാൾ ആശുപത്രിയിലും.
പഞ്ചാബിൽ സിംഗിന്റെ കുടുംബം ഞെട്ടലിലാണ്. ബന്ധു പറഞ്ഞു: “28 വയസാണ് അയാൾക്ക്. 45 വർഷം ജയിലിൽ പോയാൽ ജീവിതം ബാക്കിയില്ല. മരിച്ചവരെ ഓർത്തു ഏറെ ദുഖമുണ്ട്, പക്ഷെ സിംഗിന്റെ ശിക്ഷയിൽ ഇളവ് കിട്ടണം.”
2.2 മില്യൺ ഒപ്പിട്ട നിവേദനം
സിംഗിനു ശിക്ഷാ ഇളവ് നൽകണമെന്ന് അഭ്യർഥിക്കുന്ന നിവേദനത്തിൽ 2.2 മില്യൺ ആളുകൾ ഒപ്പിട്ടതായി 'ന്യൂ യോർക്ക് പോസ്റ്റ്' അതിനിടെ റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡ നിയമം അനുസരിച്ചു കൊലക്കുറ്റത്തിനു 15 വർഷം വരെ തടവ് ലഭിക്കാം. സിംഗിന്റെ മേൽ മൂന്നു കൊലക്കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതു കൊണ്ട് 45 വർഷം ജയിലിൽ കിടക്കേണ്ടി വരാം.
Change.org നിവേദനം അപേക്ഷിക്കുന്നത് ഗവർണർ റോൺ ഡിസാന്റിസിനോടാണ്. "ഇതൊരു കരുതിക്കൂട്ടിയുള്ള അപകടമല്ല," സംഘാടക മനീഷ കൗൾ പറഞ്ഞു. ' കലക്റ്റീവ് പഞ്ചാബി യൂത്ത് ' എന്നു പേരിട്ട നിവേദനത്തിൽ ഒപ്പിട്ടത് അധികവും ഇന്ത്യക്കാരാണ്.
സിംഗിനു കോൺസലേറ്റിന്റെ സഹായം ലഭ്യമാക്കണമെന്നു ശിരോമണി അകാലി ദൾ എം പി ഹർസിമ്രത് കൗർ ബാദൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറോട് അഭ്യർഥിച്ചു.
കഠിന ശിക്ഷ പഞ്ചാബി സമൂഹത്തിനു ഹാനികരമാകുമെന്നു അവർ ചൂണ്ടിക്കാട്ടി. യുഎസിൽ ട്രക്ക് ഓടിക്കുന്നവരിൽ 20% സിഖുകാരാണ്.