മകനെ കൊന്ന ശേഷം ഭർത്താവിനൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്തുവെന്ന കുറ്റം ആരോപിക്കപ്പെട്ട സിൻഡി റോഡ്രിഗസ് സിംഗിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ് ബി ഐ $25,000 (2,096,736 രൂപ) പ്രതിഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിൽ അവരെ ടെക്സസ് കോടതി കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു.
മെക്സിക്കൻ വംശജയായ സിൻഡിയുടെ ആറു വയസുള്ള മകനെ 2022 ഒക്ടോബറിൽ യുഎസിൽ വച്ച് അവർ കൊലപ്പെടുത്തി എന്നാണ് കേസ്. 2023 മാർച്ചിൽ ശാരീരിക വൈകല്യമുളള കുട്ടിയുടെ അവസ്ഥ അന്വേഷിച്ചെത്തിയ എവെർമാൻ പോലീസിനോട് കുട്ടിയുടെ മെക്സിക്കോയിലുള്ള പിതാവിനൊപ്പമാണ് അവൻ എന്നു സിൻഡി നുണ പറഞ്ഞുവെന്നു എഫ് ബി ഐ പറയുന്നു.
ആ മാസം തന്നെ സിൻഡിയും ഇന്ത്യക്കാരനായ ഭർത്താവും മറ്റു ആറു മക്കളും കൂടി ഇന്ത്യയിലേക്കു പറന്നു. കൊല്ലപ്പെട്ട കുട്ടി അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന തെളിവും എഫ് ബി ഐക്ക് ലഭിച്ചു.2023 ഒക്ടോബർ 31നു സിൻഡിയുടെ മേൽ ഫോർട്ട് വർത്തിലെ തറാന്റ് കൗണ്ടിയിൽ ജില്ലാ കോടതി കൊലക്കുറ്റം ചുമത്തി. നവംബർ 2നു അറസ്റ്റ് വാറന്റ് ഇറക്കി.