ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്കു ഓടിച്ചു കയറ്റി 14 പേരെ കൊന്ന ഷംസുദീൻ ജബ്ബാർ എന്ന ഭീകരന്റെ കാനഡ ബന്ധം എഫ് ബി ഐ അന്വേഷിക്കുന്നു. കഴിഞ്ഞ വർഷം മൂന്ന് ദിവസം ജബ്ബാർ കാനഡയിൽ ഉണ്ടായിരുന്നതായി വിവരം കിട്ടിയെന്നു എഫ് ബി ഐ സ്പെഷ്യൽ ഏജന്റ് ലയണൽ മിർത്തിൽ പറഞ്ഞു.
ഒന്റേരിയോയിൽ ആയിരുന്നു അയാൾ. ജൂലൈയിൽ അവിടെ എത്തും മുൻപ് ജബ്ബാർ ഈജിപ്തിലും പോയിരുന്നു.
അയാൾ എവിടെയൊക്കെ പോയെന്നും ആരെയൊക്കെ കണ്ടെന്നും ആ സന്ദർശനങ്ങൾ ന്യൂ ഓർലിയൻസിലെ ആക്രമണവുമായി എങ്ങിനെ ബന്ധപ്പെട്ടുവെന്നും എഫ് ബി ഏജന്റുമാർ അന്വേഷിക്കയാണെന്നു മിർത്തിൽ പറഞ്ഞു.
ഐ എസ് ഭീകര സംഘവുമായി ബന്ധം പ്രഖ്യാപിച്ചിരുന്ന ജബ്ബാറിനു രാജ്യത്തിന് പുറത്തു നിന്ന് എന്തെല്ലാം സഹായം ലഭിച്ചു എന്നതാണ് അറിയേണ്ടത്. അന്വേഷണം ഇപ്പോൾ ലൂയിസിയാനയുടെയും രാജ്യത്തിന്റെയും അതിർത്തിക്ക് അപ്പുറത്തേക്ക് നീണ്ടുവെന്നു മിർത്തിൽ പറഞ്ഞു.ജബ്ബാർ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നു എഫ് ബി ഐ അസിസ്റ്റന്റ് ഡയറക്റ്റർ ക്രിസ്റ്റഫർ റൈയ പറഞ്ഞിരുന്നു.
എന്നാൽ കാനഡയിൽ നിന്നു യുഎസിനെതിരെ ഭീകര ഭീഷണി ഉണ്ടെന്ന് താക്കീതുണ്ടായിട്ടുണ്ട്.കാനഡയിൽ നിന്നു യുഎസിലേക്ക് കടന്നു വരുന്ന ഭീകരരുടെ എണ്ണം അമ്പരപ്പിക്കുന്നതാണെന്നു റെപ്. മൈക്ക് കെല്ലി, റെപ്. റയാൻ സീങ്കെ എന്നിവർ യുഎസ് കോൺഗ്രസിൽ കഴിഞ്ഞ വർഷം പ്രമേയത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ മുഹമ്മദ് ഷാസേബ് ഖാൻ എന്ന പാക്കിസ്ഥാനി ന്യൂ യോർക്കിൽ ഭീകരാക്രമണം നടത്താൻ എത്തിയപ്പോൾ അതിർത്തിയിൽ പിടിയിലായി. അയാൾ ഐ എസ് ബന്ധം സമ്മതിച്ചെന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുഎസ് ആർമിയിൽ ജോലി ചെയ്ത ജബ്ബാർ എങ്ങിനെ തീവ്രവാദിയായെന്നു അന്വേഷണ സംഘം തിരയുകയാണ്. ക്രിസ്തുമത വിശ്വാസിയായി വളർന്ന ജബ്ബാർ ചെറുപ്പത്തിൽ ഇസ്ലാം സ്വീകരിച്ചെന്നു സഹോദരൻ അബ്ദർ ജബ്ബാർ തന്നെ പറഞ്ഞിരുന്നു.