ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

New Update
Ftgfg

ന്യൂയോര്‍ക്ക്: വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ഓഗസ്റ്റ് 23, 24 തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം ആചരിച്ചു. അഖില മലങ്കര വൈദിക സംഘം ജനറല്‍ സെക്രട്ടറി റവ. ഡോ. നൈനാന്‍ വി.ജോര്‍ജ്ജ് മുഖ്യ കാര്‍മ്മികനായിരുന്നു. സമീപ ഇടവകകളെ പ്രതിനിധീകരിച്ച് വന്ദ്യ വൈദികരും അത്മായരും പെരുന്നാളില്‍ സന്നിഹിതരായിരുന്നു.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യ നമസ്ക്കാരത്തോടെ പെരുന്നാളാചരണം ആരംഭിച്ചു. ഇടവക ഗായകസംഘം ശ്രുതിമധുരമായ ഭക്തിഗാനങ്ങളാലപിച്ചു. ഇടവക വികാരി റവ. എബി പൗലോസ് എല്ലാവരെയും പെരുന്നാളാഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്തു. മുഖ്യ കാര്‍മ്മികന്‍ റവ. ഡോ. നൈനാന്‍ വി.ജോര്‍ജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി. യേശുക്രിസ്തുവിന്റെ മുന്നോടിയായി ജീവിച്ച വി. യോഹന്നാന്‍ അനേകരെ മാനസാന്തരത്തിന്റെ അനുഭവത്തിലൂടെ ക്രിസ്തുവിലേയ്ക്കടുപ്പിക്കുകയും സത്യത്തിനുവേണ്ടി നിലകൊണ്ട് ആത്യന്തികമായി സ്വജീവിതംതന്നെ ബലിയര്‍പ്പിക്കുകയും ചെയ്തുവെന്നും ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുവാനും അവന്‍റെ കാലടികളെ പിന്തുടരുവാനുമായി സ്വജീവിതങ്ങളെ ക്രമീകരിക്കുവാനുള്ള പ്രചോദനമാകണം ആ വിശുദ്ധന്‍റെ ഓര്‍മ്മയും പെരുന്നാളാചരണവുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. 

തുടര്‍ന്ന് ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദിക്ഷണത്തിന് മുഖ്യ കാര്‍മ്മികനും സഹവൈദികരും നേതൃത്വം നല്‍കി.മുത്തുക്കുടകളും കൊടികളും കത്തിച്ച മെഴുകുതിരികളുമേന്തിയ ഭക്തജനം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ചെണ്ടമേളവും വെടിക്കെട്ടും പ്രദക്ഷിണത്തിന് കൊഴുപ്പേകി. ആശീര്‍വാദത്തോടെ പെരുന്നാളിന്‍റെ ഒന്നാം ദിവസത്തെ ആത്മീയ ചടങ്ങുകള്‍ അവസാനിച്ചു.

പെരുന്നാളിന്‍റെ ഭാഗമായി നാടന്‍ ശൈലിയില്‍ ഇടവകയിലെ യുവജനങ്ങള്‍ മാര്‍ക്കറ്റ് ബോയിസ് എന്ന പേരില്‍ സംഘടിപ്പിച്ച തട്ടുകട, സ്ത്രീകളുടെ സംരംഭമായ അടുക്കള ക്വീന്‍സും, എം.ജി.ഒ.സി.എമ്മിന്‍റെ ആഭിമുഖ്യത്തിലുള്ള സ്മോഴ്സ് സ്റ്റേഷനും, സണ്ടേസ്കൂളിന്‍റെ നേതൃത്വത്തില്‍ ഉള്ള സ്റ്റാളും ചേര്‍ന്നപ്പോള്‍ നാട്ടിലെ ഒരു പള്ളിപ്പെരുന്നാളില്‍ പങ്കെടുത്ത ഫീല്‍ അനുഭവപ്പെട്ടു. രുചികരമായ നാടന്‍ വിഭവങ്ങളായ, കപ്പ, ബീഫ്, പൊറോട്ടാ, ബിരിയാണി, തത്സമയം ചുട്ടെടുത്ത ദോശ, അപ്പം, ആംലെറ്റ് തുടങ്ങിയവയും അമേരിക്കന്‍ ഇനങ്ങളും തുച്ഛമായ വിലയ്ക്ക് വാങ്ങി ജനം ആസ്വദിച്ചു. തുടര്‍ന്ന് നാടന്‍ രീതിയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അരങ്ങേറിയ ക്രിസ്തീയ ഗാനമേളയും പെരുന്നാളിനെ അവിസ്മരണീയമാക്കി.

ഓഗസ്റ്റ് 24ാം തീയതി ഞായറാഴ്ച റവ. ഡോ. നൈനാന്‍ വി. ജോണിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അനുഷ്ഠിക്കപ്പെട്ട വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ ആത്മശരീര മനസ്സുകളുടെ നവീകരണം പ്രാപിച്ച് ഇടവകയുടെ കാവല്‍പ്പിതാവിന്‍റെ നാമത്തിലുള്ള പെരുന്നാളിന് പരിസമാപ്തിയായി.

Advertisment