/sathyam/media/media_files/2025/09/07/ybb-2025-09-07-04-12-16.jpg)
ഫിലാഡൽഫിയ: ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തോടുള്ള ഐക്യദാർഢ്യവും മതസ്വാതന്ത്ര്യ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഇൻഡ്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി ഗ്ലോബൽ കോൺഫറൻസ് ഒക്ടോബർ 3 മുതൽ 5 വരെ ഫിലാഡൽഫിയ എയർപോർട്ടിലെ എംബസി സ്യൂട്ട്‌സ് ഹോട്ടലിൽ നടക്കും.
സമ്മേളനത്തിൽ മതസ്വാതന്ത്ര്യവും സാമൂഹികനീതിയും സംബന്ധിച്ച വർക്ക്‌ഷോപ്പുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കപ്പെടും.
പ്രമുഖ മത, സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം കോൺഫറൻസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുഖ്യാതിഥികളിൽ സി.എസ്.ഐ. മോഡറേറ്റർ ബിഷപ്പ് റവ. ഡോ. കെ. റൂബൻ മാർക്ക്, ഹൈബി ഈഡൻ എം.പി, എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ. ബാബുവർഗീസ്, നാഷണൽ ക്രിസ്ത്യൻ കൌൺസിൽ ഇന്ത്യ ഡോ. കെ. സാം പോൾ, പിസിനാക് കൺവീനർ പാസ്റ്റർ ജോർജ് സ്റ്റീഫൻസൺ, സുപ്രീം കോടതി അഭിഭാഷകൻ. പി ഐ ജോസ് , ബിഷപ്പ് ഡോ. സി. വി. മാത്യു, ബിഷപ്പ് ഡോ. ജോൺസി. ഇട്ടി എന്നിവർ ഉൾപ്പെടുന്നു.
കൂടാതെ, അമേരിക്കൻ ഗവൺമെന്റിന്റെ ഫെയ്ത് ഡിപ്പാർട്മെന്റ് അധ്യക്ഷ പോളാ വൈറ്റ് , അമേരിക്കൻ കോൺഗ്രസ് , സെനറ്റ് അംഗങ്ങൾ , റിലീജിയസ് ഫ്രീഡം കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്നതായി പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.
ഫിയാക്കോനയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കോൺഫറൻസ്, ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകളും ആഗോള വേദിയിൽ ശക്തമായി ഉയർത്തിക്കാട്ടുമെന്നാണ് പ്രതീക്ഷ.
രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.fiacona.org സന്ദർശിക്കണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.