/sathyam/media/media_files/2025/09/09/vvvc-2025-09-09-05-19-56.jpg)
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 10 മണിയോടെ ബിസണറ്റ് സ്ട്രീറ്റിലെ 7200 ബ്ലോക്കിൽ ഫോണ്ട്രെൻ റോഡിന് സമീപമുള്ളൊരു പാർക്കിങ് സ്ഥലത്തുവച്ചാണ് സംഭവമുണ്ടായത്.
പാര്‍ക്കിങ്ങില്‍വച്ച് കാമുകിയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്ട്രീറ്റിലേക്ക് നടന്ന ഇയാളെ, ഇരുണ്ട നിറത്തിലുള്ള ഒരു ഫോർഡ് എസ്‌യുവി കാറിൽ വന്നൊരാൾ വെടിവയ്ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് കാമുകി സ്ഥലത്തെത്തിയെങ്കിലും വെടിയേറ്റയാളെ രക്ഷിക്കാൻ സാധിച്ചില്ല, തൽക്ഷണം മരിച്ചു. സംഭവത്തിൽ കാമുകിക്ക് പരിക്കേറ്റിട്ടില്ല.
കാമുകിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ടതല്ല വെടിവയ്പ്പ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ സംഭാഷണങ്ങളോ കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മിൽ സംഭവസ്ഥലത്തുണ്ടായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് എ. ഖാൻ പറഞ്ഞു.
വാഹനത്തിൽ നിന്നിറങ്ങി ചെറിയ അകലത്തിൽനിന്ന് വെടിവച്ചതിന് ശേഷം, തിരികെ വാഹനത്തിൽ കയറി ഇയാൾ കടന്നുകളയുകയായിരുന്നു. വെടിയുതിർത്തയാളെയോ കൊലപാതകത്തിനുള്ള കാരണമോ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.