ന്യൂ യോർക്കിൽ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 14നു നടക്കുന്ന 43ആം ഇന്ത്യ ഡേ പരേഡിൽ ചലച്ചിത്ര താരങ്ങളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പങ്കെടുക്കും. പരേഡിന്റെ ഒരുക്കങ്ങൾ ഇന്ത്യൻ കോൺസലേറ്റിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ചർച്ച ചെയ്തു.
പഹൽഗാമിൽ ഭീകരാക്രമണത്തിലും അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിലും മരിച്ചവർക്കു ആദരാഞ്ജലി അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.
കൂറ്റൻ എൽ ഇ ഡി ബോർഡുകളിൽ ഇന്ത്യയുടെ പ്രിയനടി എന്നു വിളിക്കപ്പെടുന്ന രശ്‌മികയുടെയും ദേവരകൊണ്ടയുടെയും ചിത്രങ്ങൾ മിന്നിയപ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ സ്വാഗത സന്ദേശം കേട്ടു.
ഇന്ത്യൻ അമേരിക്കൻ ഐഡന്റിറ്റി കാത്തു സൂക്ഷിക്കാൻ എഫ് ഐ എ നൽകിയ സംഭാവനകളെ കോൺസൽ ജനറൽ ബിനായ എസ്. പ്രധാൻ എടുത്തുകാട്ടി.
ഈ വർഷത്തെ ടൈറ്റിൽ സ്പോൺസർ ക്രിക്മാക്‌സ് കണക്റ്റ് സി ഇ ഓ: വിനയ് ഭിംജിയാനി നടത്തിയ പ്രഖ്യാപനം ക്രിക്കറ്റിനെ യുഎസിൽ സോക്കർ പോലെ പ്രചാരമുള്ളതാക്കും എന്നതാണ്. ജൂലൈ 14നു ലോസ് ഏഞ്ജലസ് കൊളീസിയത്തിൽ 2028 ക്രിക്കറ്റ് ഒളിംപിക്‌സിന്റെ തിരിച്ചു വരവ് ആഘോഷിക്കും.
രാഷ്ട്ര നിർമാണത്തിൽ സ്പോർട്സിന്റെ പങ്കു എന്നതാണ് വിഷയമെന്നു യുഎസ്എ ക്രിക്കറ്റ് സി ഇ ഓ: ഡോക്ടർ അതുൽ റായ് പറഞ്ഞു.
''സർവേ ഭവന്തു സുഖിനാഥ്" എന്നതാണ് ഈ വർഷത്തെ പ്രമേയമെന്നു എഫ് ഐ എ പ്രസിഡന്റ് സൗറിൻ പരീഖ് പറഞ്ഞു.
ടൈംസ് സ്‌ക്വയറിൽ ഓഗസ്ററ് 15നു പതാക ഉയർത്തുമെന്നു ജോയിന്റ് ട്രെഷറർ ഹരീഷ് ഷാ അറിയിച്ചു. എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ പൂർണമായും അന്ന് ത്രിവര്ണങ്ങൾ തെളിയും.