ഡാലസ് : വടക്കുപടിഞ്ഞാറൻ ഡാലസിലെ ഷോപ്പിങ് സെന്ററിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിന് മൃഗങ്ങൾ ചത്തു. ഹാരി ഹൈൻസ് ബൊളിവാർഡിലെ പ്ലാസ ലാറ്റിന ബസാറിലുണ്ടായ തീപിടിത്തത്തിൽ 579 മൃഗങ്ങൾ ചത്തുവെന്ന് ഡാലസ് ഫയർ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പുക ശ്വസിച്ചതാണ് മരണ കാരണം. ചത്ത മൃഗങ്ങളെ വിദേശ പെറ്റ് സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മിക്കവയും ചെറിയ പക്ഷികളായിരുന്നു. കൂടാതെ കോഴികൾ, ഹാംസ്റ്ററുകൾ, നായ്ക്കൾ, പൂച്ചകൾ എന്നിവയും ഉണ്ടായിരുന്നു എന്ന് ഡാലസ് ഫയർ-റെസ്ക്യൂ വക്താവ് റോബർട്ട് ബോർസ് പറഞ്ഞു.
സംഭവസ്ഥത്ത് നിന്നും ഡാലസ് ഫയർ-റെസ്ക്യൂ സംഘം മറ്റു മൃഗങ്ങളെ രക്ഷപ്പെടുത്തി. പെറ്റ് ഷോപ്പിൽ തീ പടർന്നില്ലെങ്കിലും വലിയ തോതിൽ പുക അകത്ത് കടന്നതായും ബോർസ് പറഞ്ഞു.