/sathyam/media/media_files/2025/04/11/E6wbMd3a2nahLsfDg7Lz.jpg)
ഫ്ലോറിഡ: മയാമി ഹെറാൾഡ് ദിനപത്രത്തിലെ ജീവനക്കാരിയെ ഉച്ചഭക്ഷണ ഇടവേളയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മൈക്കിൾ ടാൻസിയുടെ (48) വധശിക്ഷ ചൊവ്വാഴ്ച വൈകുന്നേരം ഫ്ലോറിഡയിൽ നടപ്പാക്കി.
2000 ഏപ്രിൽ മാസത്തിൽ മയാമി ഹെറാൾഡ് ദിനപത്രത്തിലെ പ്രൊഡക്ഷൻ ജീവനക്കാരിയായ ജാനറ്റ് അക്കോസ്റ്റയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലാണ് ടാൻസിയെ ശിക്ഷിച്ചത്. ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വിഷം കുത്തിവച്ചതിനെ തുടർന്ന് വൈകുന്നേരം 6.12ന് ടാൻസി മരിച്ചതായി അധികൃതർ അറിയിച്ചു. അക്കോസ്റ്റയെ ഒരു വാനിൽ വെച്ച് ആക്രമിക്കുകയും, മർദിക്കുകയും, കൊള്ളയടിക്കുകയും, പിന്നീട് ഫ്ലോറിഡ കീസിലേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ദ്വീപിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് ടാൻസി അവസാന പ്രസ്താവനയിൽ അക്കോസ്റ്റയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു.
ഈ വർഷം ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധേയനായ മൂന്നാമത്തെ വ്യക്തിയാണ് ടാൻസി. ഇതിനുമുമ്പ് മാർച്ച് 20 ന് 63 വയസ്സുകാരനായ എഡ്വേർഡ് ജയിംസിനെയും, ഫെബ്രുവരി 13 ന് 64 വയസ്സുകാരനായ ജയിംസ് ഡെന്നിസ് ഫോർഡിനെയും ഫ്ലോറിഡയിൽ വധിച്ചിരുന്നു.
വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യുഎസ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷ ഉൾപ്പെടെയുള്ള ടാൻസിയുടെ എല്ലാ അപ്പീലുകളും നേരത്തെ പരാജയപ്പെട്ടിരുന്നു. "രോഗാതുരമായ പൊണ്ണത്തടി" ഉള്ളതിനാലും സയാറ്റിക്ക ബാധിച്ചതിനാലും തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കരുതെന്ന ടാൻസിയുടെ വാദവും ഫ്ലോറിഡ സുപ്രീം കോടതി അടുത്തിടെ നിരസിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us