കുടിയേറ്റം യുഎസിനു ഗുണം ചെയ്യുന്നുവെന്നു ഗാലപ് നടത്തിയ പോളിംഗിൽ 79% അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 15% വർധനയാണിത്.
2021 മുതൽ 2024 വരെ മറിച്ചായിരുന്നു കൂടുതൽ പേർ ചിന്തിച്ചിരുന്നത്. ഇപ്പോഴത്തെ മാറ്റത്തിനു പ്രധാന കാരണം റിപ്പബ്ലിക്കൻ അനുഭാവികളുടെ കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റമാണെന്നു സർവേ കാണുന്നു.
കുടിയേറ്റത്തിന്റെ പ്രയോജനങ്ങൾ കാണുന്ന ഡെമോക്രാറ്റുകൾ റെക്കോർഡിട്ട 91% ആണ്.
അതേ സമയം, കുടിയേറ്റം കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നവർ 2024ൽ 55% ഉണ്ടായിരുന്നത് ഇപ്പോൾ 30% ആയി കുറഞ്ഞു. 48% റിപ്പബ്ലിക്കൻ അനുഭാവികൾ അനുകൂലിക്കുന്നു. ഡെമോക്രാറ്റുകളിൽ 16% മാത്രമാണ് അങ്ങിനെ അഭിപ്രായം പറഞ്ഞത്.
പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വലിയ കരുത്തായി കണ്ടിരുന്ന കുടിയേറ്റ നയത്തിനു ജനപിന്തുണ കുറഞ്ഞെന്നാണ് കാണുന്നത്. ഇപ്പോൾ 62% പേർ ട്രംപ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിയെ എതിർക്കുന്നു. അതിൽ 45% ശക്തമായി തന്നെ എതിർക്കുന്നു എന്നാണ് ഗാലപ് രേഖപ്പെടുത്തിയത്.
അനുകൂലിക്കുന്ന സ്വതന്ത്രർ 28% ഉണ്ട്. ഡെമോക്രറ്റുകൾ വെറും 2% ആണെങ്കിൽ റിപ്പബ്ലിക്കൻ അനുഭാവികളിൽ 85% ഇക്കാര്യത്തിൽ ട്രംപിന്റെ കൂടെയുണ്ട്.
ദേശീയ തലത്തിൽ ഈ വിഷയത്തിൽ ട്രംപിനു 35% പിന്തുണ മാത്രമേയുള്ളൂ. ഹിസ്പാനിക്കുകൾ ആവട്ടെ 21% മാത്രം.
രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാരെ മൊത്തം നാട് കടത്തുന്നതിനോട് ഗാലപ് പോളിൽ യോജിച്ചത് 38% മാത്രം. കഴിഞ്ഞ വർഷം 47% പിന്തുണ ഉണ്ടായിരുന്നു.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുന്നതിനെ അനുകൂലിക്കുന്നവർ 45% മാത്രമായി.
ജൂൺ 2 മുതൽ 26 വരെ 1,402 മുതിർന്ന അമേരിക്കക്കാരിൽ നടത്തിയ സർവേയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ വഴിയുണ്ടാക്കുന്നതിനെ 78% പേർ അനുകൂലിക്കുന്നു. എല്ലാ പാര്ടികളിലും പെട്ട 70% ആണ് നേരത്തെ പിൻതുണ നൽകിയിരുന്നത്.
79% പേർ കുടിയേറ്റം നാടിനു നല്ലതാണെന്നു പറയുമ്പോൾ ട്രംപും അനുയായികളും കുടിയേറ്റക്കാരെ കരി തേക്കുകയാണെന്നു റെപ്. പ്രമീള ജയപാൽ (ഡെമോക്രാറ്റ്-വാഷിംഗ്‌ടൺ) ചൂണ്ടിക്കാട്ടി.
"നിരപരാധികളെ തട്ടിക്കൊണ്ടു പോകുന്നു. അവർ അപ്രത്യക്ഷരാവുന്നു. നിയമം ലംഘിച്ചു ചെയ്യുന്ന ഇതൊക്കെ നിർത്തിയേ തീരൂ."