തെറ്റായി നാടുകടത്തിയെന്നു ട്രംപ് ഭരണകൂടം സമ്മതിച്ച ഗാർഷ്യ തിരിച്ചെത്തിയത് മനുഷ്യക്കടത്തു കുറ്റത്തിനു വിചാരണ നേരിടാൻ

New Update
Nbghff

എൽ സാൽവദോറിലേക്കു തെറ്റായി നാടുകടത്തിയെന്നു ട്രംപ് ഭരണകൂടം സമ്മതിച്ച കിൽമർ അർമാൻഡോ അബ്‌റീഗോ ഗാർഷ്യയെ തിരിച്ചു യുഎസിൽ എത്തിച്ചു. പക്ഷെ മെരിലാൻഡ് നിവാസി മനുഷ്യക്കടത്തു കുറ്റത്തിനു കോടതിയിൽ വിചാരണ നേരിടും.

Advertisment

വാഷിംഗ്‌ടണിൽ നടന്ന മാധ്യമ സമ്മേളനത്തിൽ അറ്റോണി ജനറൽ പാം ബോണ്ടി പറഞ്ഞു: "അബ്‌റീഗോ ഗാർഷ്യ നീതി നേരിടാൻ യുഎസിൽ തിരിച്ചെത്തി. അയാൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മനുഷ്യരെ കടത്തുന്നവൻ ആയിരുന്നു."

ടെന്നസിയിലെ മിഡിൽ ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാകുന്നു. നിരപരാധിയെ നാടുകടത്തി എന്ന നിഗമനത്തിൽ സുപ്രീം കോടതിയും മറ്റു മൂന്നു കോടതികളും ഗാർഷ്യയെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ജനാഭിപ്രായവും പ്രതികൂലമാണ് എന്ന തോന്നലിലാണ് അയാളുടെ പേരിൽ കുറ്റം ആരോപിച്ചു കോടതിയിലേക്കു എത്തിക്കുന്നത്.

മാർച്ച് 15നു വെനസ്വേലൻ കുറ്റവാളികൾക്കൊപ്പം നാട് കടത്തപ്പെട്ട ഗാർഷ്യയെ അവർക്കൊപ്പം എൽ സാൽവദോറിലെ കുപ്രസിദ്ധ തടവറയിലാണ് ആദ്യം പാർപ്പിച്ചിരുന്നത്. ഗാർഷ്യയുടെ ഭാര്യ സമർപ്പിച്ച അപേക്ഷ പരിഗണിച്ച കോടതികൾ അയാളെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് സാധ്യമല്ലെന്ന നിലപാടിൽ ആയിരുന്നു ഭരണകൂടം.

അനധികൃതമായി യുഎസിൽ പ്രവേശിച്ച സാല്വദോറൻ വംശജൻ മെറ്റൽ തൊഴിലാളി ആയിരുന്നു. ഭാര്യയും കുട്ടികളുമുണ്ട്. വർഷങ്ങളോളം സാൽവദോറിന്റെ എംഎസ്-13 തെരുവുഗുണ്ടാ സംഘത്തിൽ അംഗമായിരുന്നു എന്നാണ് ആരോപണം. ആ നിലയ്ക്ക് രേഖകൾ ഇല്ലാത്ത ആയിരക്കണക്കിനു വിദേശികളെ കടത്തിക്കൊണ്ടു വരാൻ കൂട്ടു നിന്നു എന്നും ആരോപിക്കുന്നു.

"ഇനി കോടതി തീരുമാനിക്കട്ടെ," ഗാർഷ്യ നിരപരാധിയാണെന്നു നിഷ്‌കർഷിക്കുന്ന അഭിഭാഷകർ പറഞ്ഞു. "കോടതികൾ ആവശ്യപ്പെട്ടത് പോലെ അയാളെ തിരിച്ചു കൊണ്ടുവരാൻ ഭരണകൂടത്തിനു കഴിയുമായിരുന്നു എന്നിപ്പോൾ തെളിയുന്നു. അക്കാര്യത്തിൽ നമ്മുടെ വാദങ്ങൾ ശരിയായി."

മൂന്നു മാസമായി അവർ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി കോടതികളിൽ പൊരിഞ്ഞ പോരാട്ടത്തിൽ ആയിരുന്നു. നാടുകടത്തിയത് അബദ്ധത്തിൽ ആണെന്ന് ഭരണകൂടം സമ്മതിക്കുമ്പോൾ അയാളുടെ പേരിൽ അതിനുള്ള കുറ്റം ഇല്ലെന്നതു വ്യക്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി.