/sathyam/media/media_files/2025/10/10/b-v-2025-10-10-03-56-45.jpg)
രണ്ട് വർഷത്തെ സംഘർഷങ്ങൾക്ക് വിരാമമിട്ട് ഗസ്സയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണയായതോടെ പലസ്തീൻ ജനത ആഹ്ലാദത്തിൽ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതാണ് സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവായത്. പലസ്തീൻ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ട്രംപിന്റെ ഇടപെടലിന് നന്ദി അറിയിച്ചുകൊണ്ട് ബന്ദികളുടെ കുടുംബങ്ങളിൽ നിന്ന് നിരവധി വീഡിയോ സന്ദേശങ്ങൾ എത്തുന്നുണ്ട്. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബന്ദികളെ ഉടൻ തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
കരാർ പ്രകാരം ഉടനടി നടപ്പാക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബന്ദി കൈമാറ്റം, മാനുഷിക സഹായം എത്തിക്കൽ എന്നിവ. തിങ്കളാഴ്ചയോടെ ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നാണ് റിപ്പോർട്ട്. അതുപോലെ, തടസ്സങ്ങളില്ലാതെ ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ എമർജൻസി ഏജൻസി തയ്യാറെടുക്കുകയാണ്. കൂടാതെ, 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറി തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾക്കും ട്രംപ് നന്ദി അറിയിച്ചു.
ആദ്യഘട്ട വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും, ഗസ്സയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളിൽ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഗസ്സയിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ ഇസ്രയേലിനുമേൽ അമേരിക്കയും അറബ് രാജ്യങ്ങളും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹമാസ് ഒരു പൊതുപ്രസ്താവനയും പുറത്തുവിട്ടിട്ടുണ്ട്. സമാധാന പദ്ധതിയുടെ ആദ്യഭാഗം ഇരുപക്ഷവും അംഗീകരിച്ചതായി ഖത്തർ ഔദ്യോഗിക വക്താവ് മജേദ് അൽ അൻസാരി സ്ഥിരീകരിച്ചു.