ഹിന്ദു വിദ്വേഷവും ഹിന്ദു വിരുദ്ധ വർഗീയതയും ചെറുക്കാനുള്ള ബിൽ അവതരിപ്പിക്കുന്ന ആദ്യ യുഎസ് സംസ്‌ഥാനമായി ജോർജിയ. ഇത് രണ്ടും നിലവിലുണ്ടെന്നു അംഗീകരിക്കുന്ന നിയമം നടപ്പിൽ വന്നാൽ അവയ്‌ക്കെതിരെ നടപടി എടുക്കാൻ നിയമപാലകർക്കു കഴിയും.റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർമാരായ ഷോൺ സ്റ്റിൽ, ക്ലിന്റ് ഡിക്‌സൺ എന്നിവരോടൊപ്പം ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു ജേസൺ എസ്റ്റീവ്സ്, ഇമ്മാനുവൽ ഡി.
ജോൺസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച സെനറ്റ് ബിൽ 375 സംസ്ഥാന നിയമാവലിയിൽ പുതുതായി ഹിന്ദു വിദ്വേഷത്തിന്റെ നിർവചനം ചേർക്കും. "ഹിന്ദു മതത്തോട് വിരോധം നിറഞ്ഞതും അധിക്ഷേപകരവും വിനാശകരവുമായ സമീപനം" എന്നാണ് വിശേഷണം.വിവേചന വിരുദ്ധ നിയമങ്ങളിൽ ഇനി ഹിന്ദു വിരോധവും ഉൾപെടും. ജോർജിയ ഈ ബിൽ പാസാക്കിയാൽ ചരിത്രം സൃഷ്ടിക്കുമെന്നു കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പറഞ്ഞു.
ഏപ്രിൽ നാലിനാണ് സംസ്ഥാന അസംബ്ലിയിൽ ബിൽ കൊണ്ടുവന്നത്. "കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യമൊട്ടാകെ ഹിന്ദുക്കൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വൻ തോതിൽ വർധിച്ചു," ഷോൺ സ്റ്റിൽ പറഞ്ഞു.
ജോർജിയയിലെ 40,000 വരുന്ന ഹിന്ദുക്കൾ ഏറിയകൂറും അറ്റ്ലാന്റയിലാണ്. അധികം പേരും ഗുജറാത്തിൽ നിന്നു വന്നവരുമാണ്. ഹിന്ദു വിദ്വേഷം പതിവായി എന്ന് 2024ൽ ഹിന്ദു നേതാക്കളുടെ സമ്മേളനത്തിൽ കോൺഗ്രസ് അംഗം ശ്രീ തനെദാർ പറഞ്ഞിരുന്നു.