ഗസാല ഹാഷ്മി: അധ്യാപന ത്തിൽ നിന്നു ലെഫ്. ഗവർണർ പദവിയിലേക്ക്

New Update
F

വിർജിനിയയിൽ ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഗസാല ഹാഷ്മി അധ്യാപകരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. കോളജ് പ്രഫസറായി പിതാവ് ഹൈദരാബാദിൽ നിന്നു യുഎസിൽ എത്തുമ്പോൾ ഹാഷ്‌മിക്കു പ്രായം നാലു വയസ്. അമ്മയും ജ്യേഷ്ഠനുമൊത്തു യുഎസിൽ എത്തിയ ഹാഷ്‌മി പിൽക്കാലത്തു തിരഞ്ഞെടുത്തതും പിതാവിന്റെ വഴി തന്നെ.

Advertisment

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജയിച്ചു വിർജിനിയയുടെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം ലെഫ്. ഗവർണറായതോടെ ഹാഷ്‌മി സ്റ്റേറ്റ് സെനറ്റിൽ അധ്യക്ഷത വഹിക്കും. 21-19 ഭൂരിപക്ഷമാണ് ഡെമോക്രറ്റുകൾക്കു അവിടെ. കാസ്റ്റിംഗ് വോട്ടുകൾക്കു സാധ്യതയുണ്ടെന്നു ചുരുക്കം.

സെനറ്റിൽ അംഗം കൂടിയാണ് ഹാഷ്‌മി. ആ സീറ്റിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടത്തും.രാഷ്ട്രീയത്തിൽ ഹാഷ്‌മിയുടെ വളർച്ച വേഗത്തിലായിരുന്നു. 2019ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപ്പിച്ച് സെനറ്റിൽ എത്തിയ അവർ ഡെമോക്രാറ്റുകൾക്കു വർഷങ്ങൾക്കു ശേഷം ഭൂരിപക്ഷം നൽകുകയും ചെയ്തു.

ജൂണിൽ നിരവധി പേരെ ഡെമോക്രാറ്റിക് പ്രൈമറിയിൽ തോൽപിച്ചാണ് ലെഫ് ഗവർണർ സ്ഥാനാർഥിയായത്.

വിർജിനിയയിൽ കോളജ് പ്രഫസറായിരിക്കെ സമൂഹത്തിൽ നല്ല പ്രവർത്തനങ്ങളിലൂടെ നേടിയ മതിപ്പാണ് ഹാഷ്മിയുടെ വിജയത്തിന് അടിത്തറ പാകിയത്. സംസ്ഥാന തലത്തിലുള്ള മത്സരത്തിൽ ഒരു മുസ്ല‌ിം വനിത ജയിക്കുന്നത് യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.

മൂന്നു പതിറ്റാണ്ടു മുൻപാണ് ഗസാല അസ്ഹർ റഫീക്കിൻറെ ഭാര്യയായത്. റിച്ചമണ്ടിൽ 1990കളിൽ താമസമാക്കിയ ദമ്പതിമാർക്കു രണ്ടു പെൺമക്കളുണ്ട്.

ഇംഗ്ലീഷ് സാഹിത്യവും ഭാഷയും പഠിപ്പിക്കുന്ന ഹാഷ്മിക്കു ആ രംഗത്തു 30 വർഷത്തോളം പരിചയമുണ്ട്. യൂണിവേഴ്സിറ്റി ഓഫ് റിച്മണ്ടിലും പിന്നീട് റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളജിലും പഠിപ്പിച്ചു.

Advertisment