/sathyam/media/media_files/2025/07/04/donald-trump-untitledtrmpp-2025-07-04-08-41-43.jpg)
വാഷിങ്ടണ്‍: ബീജിങ്ങിൽ നടന്ന പടുകൂറ്റൻ സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് പുടിനെയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെയും അതിഥികളാക്കിയതിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ കടുത്ത വിമർശനം ഉയർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെതിരെ റഷ്യയും ഉത്തരകൊറിയയുമായി ചേര്‍ന്ന് ചൈന ഗൂഢാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു . സൈനികരംഗത്തെ മികവും സാങ്കേതികവിദ്യയുടെ ഉപയോഗവും അത്യാധുനിക ആയുധങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ സൈനിക പരേഡ് ചൈന സംഘടിപ്പിച്ചതിന് പി ന്നാലെയാണ് ട്രംപിന്റെ ആരോപണം.
രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് സൈന്യത്തിനെതിരെ നേടിയ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ചൈന സൈനിക പരേഡ് നടത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഉത്തരകൊറിയന്‍ ഭണാധികാരി കിം ജോങ് ഉന്‍, ഇന്തൊനേഷ്യന്‍ പ്രസിഡന്റ് പ്രബവോ സുബിയാന്തൊ എന്നിവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയുമായുള്ള സൗഹൃദം ഉലയുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ സന്ദര്‍ശനത്തിനെത്തുകയും ചെയ്തു. ഇതെല്ലാം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാകുന്നത്.
'യുഎസിനെതിരായ ഗൂഢാലോചനയ്ക്കിടെ എന്റെ ഊഷ്മളമായ ആശംസകള്‍ വ്‌ളാദിമിര്‍ പുടിനേയും കിം ജോങ് ഉന്നിനേയും അറിയിക്കുക' ഷിയെ അഭിസംബോധന ചെയ്ത് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അധിനിവേശ ജാപ്പനീസ് സേനയെ പുറത്താക്കുന്നതില്‍ യുഎസ് നല്‍കിയ പിന്തുണയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യുദ്ധകാല ചരിത്രം തിരുത്തിയെഴുതാനാണ് ചൈനയുടെ ശ്രമമെന്നും അതില്‍ അതൃപ്തിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ അമേരിക്കക്കാര്‍ ചൈനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ ധീരതയും ത്യാഗവും അര്‍ഹിക്കുന്ന വിധത്തില്‍ സ്മരിക്കപ്പെടുമെന്നും ട്രംപ് കുറിച്ചു. ചൈനീസ് ജനതയ്ക്ക് ആശംസ അറിയിക്കാനും ട്രംപ് മറന്നില്ല. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേതാണ്. അവര്‍ ഒരിക്കലും ഞങ്ങള്‍ക്കെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കില്ല. എനിക്കുറപ്പാണ്', ടംപ് പറഞ്ഞു.
തിങ്കളാഴ്ച പുടിനുമായി നടത്തിയ ചര്‍ച്ചയില്‍, ചൈനയെയും റഷ്യയെയും രണ്ടാം ലോകമഹായുദ്ധത്തിലെ 'വിജയികളായ ശക്തികള്‍' എന്ന് വിശേഷിപ്പിച്ച ഷി യുഎസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. മിസൈലുകള്‍, ആധുനിക യുദ്ധവിമാനങ്ങള്‍, മറ്റ് നൂതന ആയുധങ്ങള്‍ എന്നിവ അണിനിരത്തിയ സൈനിക പരേഡ് ആഗോളതലത്തില്‍ ശക്തി പ്രകടിപ്പിക്കാനുള്ള ചൈനയുടെ ഏറ്റവും പുതിയ ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.ചില ആയുധങ്ങള്‍ ആദ്യമായാണ് ചൈന പരസ്യമായി പ്രദര്‍ശിപ്പിച്ചത്.