/sathyam/media/media_files/2025/09/04/bsnn-2025-09-04-04-23-05.jpg)
ഓൺലൈൻ സെർച്ച് കുത്തകയാക്കുന്ന നയം ഉപേക്ഷിക്കാനുള്ള കഠിനമായ വ്യവസ്ഥകളിൽ നിന്നു ഗൂഗിൾ ചൊവാഴ്ച്ച കഷ്ടിച്ച് രക്ഷപെട്ടു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് നിർദേശിച്ച ശിക്ഷാ നടപടികൾ ഫെഡറൽ കോടതി തള്ളി.
കുത്തക പൊളിക്കാനുള്ള കേസിൽ ക്രോം വെബ് ബ്രൗസർ അല്ലെങ്കിൽ ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിൽക്കണമെന്ന ആവശ്യം യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് അമിത് മേത്ത സ്വീകരിച്ചില്ല. അപേക്ഷകർ പരിധി കടന്നാണ് അത്തരം സുപ്രധാന ആസ്തികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നു മേത്ത പറഞ്ഞു. ഈ ആസ്തികൾ നിയമവിരുദ്ധമായ ആവശ്യങ്ങൾക്കു ഗൂഗിൾ ഉപയോഗിച്ചിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രിലിൽ മൂന്നാഴ്ച്ച കേസ് കേട്ട മേത്ത ഉത്തരവിട്ടത് മത്സരം വർധിപ്പിക്കുന്ന വിധം ഗൂഗിൾ സെർച്ച് ഡാറ്റ പങ്കു വയ്ക്കണം എന്നാണ്.
ഇന്റർനെറ്റ് സെർച്ചിനു മറ്റുള്ളവരെ ഒഴിവാക്കുന്ന ഡീലുകളിൽ ഗൂഗിൾ പ്രവേശിക്കാൻ പാടില്ലെന്നു മേത്ത വിധിച്ചു. എന്നാൽ ആപ്പിൾ, എ ടി ആൻഡ് ടി തുടങ്ങിയ പങ്കാളികൾക്കു പണം കൊടുക്കുന്നതിൽ വിലക്കില്ല.
കുത്തക ഇല്ലാതാക്കാൻ മത്സരം പുനഃസ്ഥാപിക്കുന്നതിനു ഉത്തരവ് സഹായിക്കുമോ എന്നു വിലയിരുത്തുമെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറഞ്ഞു.
ചൊവാഴ്ച്ച നാലരയോടെ കോടതി വിധി വന്നതിനു പിന്നാലെ ഗൂഗിൾ ഓഹരികൾ 6% കുതിച്ചു. ആപ്പിൾ ഓഹരികൾ 4% ഉയർന്നു.
അമേരിക്കൻ ഇക്കണോമിക് ലിബേർട്ടിസ് പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ നിധി ഹെഗ്‌ഡെ ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് അപ്പീൽ പോകാൻ ആവശ്യപ്പെട്ടു.