/sathyam/media/media_files/2025/09/20/hvv-2025-09-20-05-57-02.jpg)
യുഎസ്-ഇന്ത്യ ബന്ധങ്ങൾ ഇന്നല്ലെങ്കിൽ നാളെ മെച്ചപ്പെടുമെന്നു ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി പ്രസ്താവിച്ചു. പബ്ലിക് അഫെയേഴ്സ‌് ഫോറം ഓഫ് ഇന്ത്യയുടെ 12ആം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ഡൽഹിയിൽ 30 അംഗ പ്രതിനിധി സംഘവുമായി എത്തിയ ഗവർണർ.
ബന്ധങ്ങളെ ബാധിച്ച താരിഫുകൾ, വിദ്യാർഥി വിസ തുടങ്ങിയ വിഷയങ്ങൾ മർഫി സ്പർശിച്ചു. "ഇന്ത്യ-യുഎസ് ബന്ധങ്ങൾ അടുത്തിടെ കുറെ പ്രക്ഷുബ്ധമായി," ഡെമോക്രാറ്റിക് ഗവർണർ പറഞ്ഞു. "എന്നാൽ ശുഭാപ്‌ി വിശ്വാസം കൈവിടാത്തയാൾ എന്ന നിലയ്ക്കു എനിക്ക് പ്രത്യാശയുണ്ട്. കാര്യങ്ങൾ ഇന്നലെങ്കിൽ നാളെ മെച്ചപെടും.
ഇന്ത്യൻ ബിസിനസുകാരെ ന്യൂ ജേഴ്സിയിൽ നിക്ഷേപം നടത്താൻ മർഫി ക്ഷണിച്ചു. ബിസിനസിന് മെച്ചപ്പെട്ട കാലാവസ്ഥ ഉണ്ടെന്നു അദ്ദേഹം അവകാശപ്പെട്ടു.
"എല്ലാ യുഎസ് സ്റ്റേറ്റുകളെക്കാളും മുൻപ് ഞങ്ങൾ ഏറ്റവും വലിയ മാനുഫാച്ചറിങ് ഇൻസെന്റീവ് ബിൽ പാസാക്കി. ന്യൂ ജേഴ്സിയിൽ ബിസിനസിന് മികച്ച കാലാവസ്ഥയാണ്; ഞങ്ങൾ ഇന്ത്യയുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു."
സാമ്പത്തിക ആശങ്കകൾ യാഥാർഥമാണെന്നു അദ്ദേഹം സമ്മതിച്ചു. തീരുവയും കുടിയേറ്റ പ്രശ്നങ്ങളും അതുമായി അടുത്തു ബന്ധപ്പെട്ടു കിടക്കുന്നു. "താരിഫ് പ്രശ്നത്തിൽ പരിഹാരമുണ്ടായാൽ വിസ വിഷയവും ലഘൂകരിക്കും എന്നാണ് ഞാൻ കരുതുന്നത്.
യുഎസിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസികളും കുടിയേറ്റക്കാരും ആശങ്കപ്പെടേണ്ടതില്ല എന്നു മർഫി പറഞ്ഞു. "നിയമപരമായി വന്ന കുടിയേറ്റക്കാർക്ക് ഭയം വേണ്ട. പക്ഷെ ക്രിമിനൽ ആയാൽ രക്ഷയില്ല."
യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുറയുന്നതിൽ മർഫി ആശങ്ക രേഖപ്പെടുത്തി. വിസ പ്രശ്‌നങ്ങൾ അതിനൊരു കാരണമാണ്. "എന്നാൽ അതൊക്കെ ശരിയാകും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു."
ന്യൂ ജേഴ്സി യുഎസിലെ ഏറ്റവും സുരക്ഷിതമായ സ്റ്റേറ്റ് ആണെന്ന് മർഫി ചൂണ്ടിക്കാട്ടി. വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതൊരു ആകർഷക ഘടകമാണ്.
താരിഫ് വിലക്കയറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. "ഇന്ത്യ-യുഎസ് ബന്ധങ്ങൾ ന്യായമായ പരിഹാരം കാണുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടാവും."