ലോസ് ഏഞ്ചലസിൽ ട്രംപ് നാഷനൽ ഗാർഡുകളെ വിളിച്ചതു രാഷ്ട്രീയമെന്നു ഗവർണർ ന്യൂസം

New Update
Bfhfhf

കലിഫോർണിയയിൽ കലാപം നേരിടാൻ 2,000 നാഷനൽ ഗാർഡുകളെ വിന്യസിക്കുന്നതിനു സ്റ്റേറ്റ് ഗവർണറുടെ അധികാരം മറികടക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അപൂർവമായ നിയമം ഉപയോഗിച്ചെന്നു നിരീക്ഷകർ.

Advertisment

അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്താൻ എത്തിയ ഫെഡറൽ അധികൃതർക്കെതിരെ വെള്ളിയാഴ്ച്ച ഉണ്ടായ പ്രതിഷേധങ്ങൾ നേരിടാൻ ട്രംപ് കൈക്കൊണ്ട നടപടിയിൽ രാഷ്‌ടീയമുണ്ടെന്ന തോന്നലും ഉണ്ടാകുന്നത് അദ്ദേഹം ഡെമോക്രറ്റുകളായ ഗവർണർ ഗവിൻ ന്യൂസമിനും ലോസ് ഏഞ്ചലസ്‌ മേയർ കാരൻ ബാസിനും എതിരെ നടത്തിയ ആക്രമണം ശ്രദ്ധിക്കുമ്പോഴാണ്. 

1965ൽ പ്രസിഡന്റ് ലിൻഡൻ ജോൺസൺ അലബാമയിൽ പ്രതിഷേധങ്ങൾ നേരിടാൻ സൈന്യത്തെ അയച്ച ശേഷം ഇതാദ്യമാണ് ഒരു പ്രസിഡന്റ് അത്തരമൊരു നടപടിക്കു തുനിയുന്നത്.

സംസ്ഥാനങ്ങളിൽ നാഷനൽ ഗാർഡുകളുടെ നിയന്ത്രണം ഗവർണർക്കാണ്. പക്ഷെ ട്രംപിന്റെ ഉത്തരവിൽ "10 U.S.C. 12406” എന്ന അപൂർവ വകുപ്പ് ഉദ്ധരിക്കുന്നു. യുഎസ് ഗവൺമെന്റിന്റെ അധികാരത്തിനെതിരെ വെല്ലുവിളിയോ കലാപമോ ഉണ്ടായാൽ ഈ വകുപ്പ് ഉപയോഗിക്കാം എന്നൊരു വ്യവസ്ഥ ഉണ്ടത്രേ.

"പ്രതിഷേധം നിയമം നടപ്പാക്കാൻ തടസം സൃഷ്ടിച്ചത് കൊണ്ട് അത് യുഎസ് ഗവൺമെന്റിനെതിരായ കലാപമാണ്," ട്രംപ് പറയുന്നു.

ന്യൂസമിനെ ന്യൂസ്‌കം എന്നു വിളിക്കാറുളള ട്രംപ് ആ വിശേഷണം വീണ്ടും ഉപയോഗിച്ചു കൊണ്ട് പറഞ്ഞു: "ഗവർണർ ഗവിൻ ന്യൂസ്‌കമിനും മേയർ കാരൻ ബാസിനും ജോലി ചെയ്യാൻ അറിയില്ലെന്നു എല്ലാവര്ക്കും അറിയാം. അതു കൊണ്ട് പ്രശ്നം പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റ് ഇടപെടുന്നു. കലാപവും കവർച്ചയും നേരിടേണ്ട വിധം തന്നെ നേരിടും." 

കാലിഫോർണിയ നാഷനൽ ഗാർഡിന്റെ നിയന്ത്രണം ട്രംപ് ഏറ്റെടുത്തത് അപകടകരമായ രാഷ്ട്രീയ നീക്കമാണെന്നു ന്യൂസം ചൂണ്ടിക്കാട്ടി. "കാലിഫോർണിയ നാഷനൽ ഗാർഡിന്റെ നിയന്ത്രണം ഏറ്റെടുത്തു ലോസ് ഏഞ്ചലസിൽ 2,000 സൈനികരെ വിന്യസിച്ചത് അവിടെ നിയമപാലകർക്കു കുറവുണ്ടായിട്ടൊന്നുമല്ല. അവർക്കു ദൃശ്യവിസ്മയം തീർക്കാനാണ്. അവർക്കു അത് നൽകാതിരിക്കുക. ആരും അക്രമത്തിനു തുനിയരുത്."

ട്രംപ് തീയാളി കത്തിക്കയാണ് ചെയ്യുന്നതെന്നു ന്യൂസം താക്കീതു നൽകി. അത് ജനവിരുദ്ധ നടപടിയാണ്.