എച് 1-ബി വിസ സംവിധാനം ഉടച്ചു വാർത്തു അമേരിക്കൻ ജീവനക്കാർക്ക്‌ പ്രയോജനം ചെയ്യുന്നതാക്കും

New Update
Vfuhgh

വിദേശത്തു നിന്നുള്ള വിദഗ്‌ധ ജോലിക്കാരെ കൊണ്ടുവരാനുള്ള എച് 1-ബി വിസ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുവെന്നു യുഎസ് സി ഐ എസിന്റെ പുതിയ ഡയറക്റ്റർ ജോസഫ് എഡ്‌ലോ പറയുന്നു. എച് 1-ബി സംവിധാനം സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ തീവ്ര വലതു പക്ഷവും വ്യവസായങ്ങളും തമ്മിൽ തർക്കം മുറുകിയതിനിടയിലാണ് ഈ പ്രസ്താവന.

Advertisment

യുഎസ് പൗരത്വം നേടാനുള്ള ടെസ്റ്റ് ഇപ്പോൾ വളരെ സുഗമമാണെന്നും അതു കഠിനമായേ തീരൂ എന്നും എഡ്‌ലോ 'ന്യൂ യോർക്ക് ടൈംസ്' പത്രത്തോടു പറഞ്ഞു.  

"ടെസ്റ്റിലെ ഉത്തരങ്ങൾ ഓർത്തിരിക്കാൻ എളുപ്പമാണ്," എഡ്‌ലോ പറഞ്ഞു. “അത് നിയമത്തിന്റെ സത്തയുമായി ഒത്തുപോകുന്നു എന്നെനിക്കു തോന്നുന്നില്ല.”

അമേരിക്കൻ ജീവനക്കാരേക്കാൾ കുറഞ്ഞ വേതനം സ്വീകരിക്കാൻ തയാറുള്ള വിദേശ ജോലിക്കാരെ കൊണ്ടുവരാനാണ് എച്-1 ബി ഇപ്പോൾ ഉപയോഗിക്കുന്നതെന്നു എഡ്‌ലോ ചൂണ്ടിക്കാട്ടി. വിസ സംവിധാനം ഉയർന്ന വേതനം നൽകുന്ന തൊഴിലുടമകൾക്കു പ്രയോജനപ്രദമാക്കും.

അമേരിക്കക്കാരായ ജീവനക്കാരെ പിരിച്ചു വിട്ടു വിദേശിയരെ കൊണ്ടുവരാൻ കമ്പനികൾ ശ്രമിക്കയാണെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പക്ഷെ പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്ന പല പ്രമുഖ വ്യവസായ നേതാക്കളും പറയുന്നത് അവർ വിദേശിയരെ കൊണ്ടുവരുന്നത് മികവുള്ള അമേരിക്കൻ ജീവനക്കാരെ വേണ്ടത്ര കിട്ടാതെ വരുന്നതു കൊണ്ടാണ് എന്നാണ്.  

യുഎസ് സമ്പദ് വ്യവസ്ഥയെയും ബിസിനസുകളെയും ജോലിക്കാരെയും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് എച്-1 ബി നടപ്പാക്കേണ്ടത് എന്നു എഡ്‌ലോ ഊന്നിപ്പറഞ്ഞു. കുടിയേറ്റ സംവിധാനത്തിന്റെ ഘടകങ്ങൾ അങ്ങിനെ ആയിരിക്കണം പ്രവർത്തിക്കേണ്ടത്.

ഉയർന്ന വേതനം വാങ്ങുന്നവർക്കായി എച്-1 ബി സംവിധാനം ഉടച്ചു വാർക്കുന്നത് ശരിയല്ലെന്നു ബൈഡൻ ഭരണകൂടത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഡഗ് റാൻഡ് പറഞ്ഞു. "എച്-1 ബി പ്രോഗ്രാം യുഎസ് യൂണിവേഴ്സിറ്റികളിൽ നിന്ന് ലോകത്തു ഏറ്റവും മികവുളള അന്താരാഷ്ട്ര ബിരുദധാരികളെ കണ്ടെത്താൻ സഹായിക്കുന്നു. ശമ്പളത്തിന്റെ പേരിൽ അതിൽ കയറി ഇടപെടാൻ ഹോംലാൻഡ് സെക്യൂരിറ്റിയെ യുഎസ് കോൺഗ്രസ് ഒരിക്കലൂം അനുവദിച്ചിട്ടില്ല."

നാച്ചുറലൈസേഷൻ ടെസ്റ്റിന് ഇപ്പോൾ 10 ചോദ്യങ്ങളിൽ ആറെണ്ണം പാസാകണം എന്നാണ് വ്യവസ്ഥയെന്നു എഡ്‌ലോ ചൂണ്ടിക്കാട്ടി. ആദ്യ ട്രംപ് ഭരണകാലത്തു 20 ചോദ്യമാക്കി ഉയർത്തിയിരുന്നു. അതിൽ 12 എണ്ണം പാസാകണം എന്നായിരുന്നു വ്യവസ്ഥ. ആ ചട്ടം വീണ്ടും കൊണ്ടുവരുമെന്ന് എഡ്‌ലോ പറഞ്ഞു.

ആദ്യ ട്രംപ് ഭരണത്തിൽ ഗ്രീൻ കാർഡ് കിട്ടുന്നത് കുടിയേറ്റക്കാർക്കു ബുദ്ധിമുട്ടാക്കിയിരുന്നു. അത് വീണ്ടും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും എഡ്‌ലോ വ്യക്തമാക്കി.

Advertisment