/sathyam/media/media_files/2025/08/29/hbbv-2025-08-29-05-39-39.jpg)
വാഷിങ്ടൺ: അമേരിക്കയുടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന ആരോപണവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. വിദഗ്ധരായ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവിൽ ജോലിക്കെടുക്കാൻ കമ്പനികളെ സഹായിക്കുന്ന ഈ വീസ, അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസാന്റിസിന് മുൻപ് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
എച്ച്1 ബി വീസയിൽ അമേരിക്കയിലെത്തുന്നവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും ഇത് അമേരിക്കൻ പൗരന്മാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നും ഡിസാന്റിസ് ആരോപിച്ചു. ഉയർന്ന വരുമാനമുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്ന രീതിയിൽ വീസാ നയം മാറ്റാൻ ശ്രമം നടക്കുന്നുണ്ട്.
പുതിയ നിയമം വന്നാൽ അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും വിദ്യാർത്ഥികളെയും അത് ദോഷകരമായി ബാധിച്ചേക്കാം. എച്ച്1 ബി വീസ ലഭിക്കുന്നവരിൽ 70 ശതമാനവും ഇന്ത്യക്കാരാണ്. ട്രംപ് അധികാരത്തിലെത്തിയ ശേഷം വിദേശ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും എതിരായ നടപടികൾ ശക്തമാക്കിയിരുന്നു.