ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്കിടയിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു 38 പോയിന്റ് ലീഡുണ്ടെന്നു ഏഷ്യൻ ആൻഡ് പാസിഫിക് ഐലൻഡർ അമേരിക്കൻ വോട്ട് (എ പി ഐ എ വോട്ട്) നടത്തിയ സർവേയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ നാഷനൽ ഒപ്പീനിയൻ റിസർച്ച് സെന്റർ (എൻ ഓ ആർ സി) ആണ് ഈ സർവേ നടത്തിയത്.
ഹാരിസിനെ പിന്തുണയ്ക്കുമെന്നു 66% ഏഷ്യൻ അമേരിക്കൻ വോട്ടർമാർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ പിന്തുണ 28% ആണ്. ശേഷിച്ച 6% തീരുമാനം എടുത്തിട്ടില്ല.ജൂലൈയിൽ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്നു പിന്മാറിയ ശേഷം ഡെമോക്രറ്റിക് ടിക്കറ്റിനു വൻ കുതിപ്പുണ്ടായെന്നു സർവേ പറയുന്നു. ഹാരിസിനു 23% മുന്നേറ്റമാണ് ഉണ്ടായത്.
ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥി ആയ ശേഷം എടുത്ത ആദ്യത്തെ സർവേ ആണിത്. രാജ്യത്തു ഏറ്റവും വേഗത്തിൽ വളരുന്ന ഏഷ്യൻ അമേരിക്കൻ വോട്ടർമാരുടെ പ്രാധാന്യം സർവേ ഊന്നിപ്പറയുന്നു.
"ജൂലൈ മുതൽ ഏഷ്യൻ അമേരിക്കൻ സമൂഹത്തിൽ നിന്നു നമ്മൾ കാണുന്നത് ഉറപ്പിക്കുന്ന ഫലങ്ങളാണിവ," എ പി ഐ എ വോട്ട് സഹസ്ഥാപക ക്രിസ്റ്റിൻ ചെൻ പറഞ്ഞു. അവർ പുത്തൻ ഊർജ്ജത്തിലാണ്. ഈ തിരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിക്കയും ചെയ്യും."ഹാരിസിന് ഈ വിഭാഗത്തിലുളള മതിപ്പിലും (favorability) വർധനയുണ്ട്. ഏപ്രിൽ-മേയിൽ നിന്നു 18% കൂടി 62% ആയി. ട്രംപിനെ കുറിച്ചു മതിപ്പുള്ളവർ 28% മാത്രം. 70% പേർ അദ്ദേഹത്തെ മോശമായി കാണുന്നു.
ട്രംപിന്റെ വി പി സ്ഥാനാർഥി ജെ ഡി വാൻസിനേക്കാൾ ഉയർന്ന പിന്തുണയാണ് ഹാരിസിന്റെ സഹയാത്രികൻ ടിം വാൾസിന്. വാൾസ് 56%, വാൻസ് 21%. എ എ പി ഐ ഡാറ്റ എക്സിക്യൂട്ടീവ് ഡയറക്‌ടർ കാർത്തിക് രാമകൃഷ്ണൻ പറഞ്ഞു: "ഈ വിഭാഗം വോട്ടർമാർ ഈ തിരഞ്ഞെടുപ്പിൽ അതീവ നിർണായകമാണ്. ഞങ്ങൾ നടത്തിയ ദേശീയ സർവേ അവരുടെ നിലപാട് വ്യക്തമാക്കുന്നു. ഉറപ്പായും വോട്ട് ചെയ്യുമെന്നു പറയുന്നവർ 77% ഉണ്ട്.”ഹാരിസ് സ്ത്രീയാണ് എന്നതിൽ പ്രാധാന്യമുണ്ടെന്ന് 38% പേർ പറഞ്ഞു. അവരുടെ വംശീയതയിൽ 27% മതിപ്പു കാട്ടി.