എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആവാനാണ് താൻ ആഗ്രഹിക്കുന്നതെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. വെള്ളിയാഴ്ച പെൻസിൽവേനിയയിൽ നിന്നു ജോർജിയയിലേക്ക് പുറപ്പെടും മുൻപു മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു ഹാരിസ്. അതിർത്തികൾ സുരക്ഷിതമാക്കുന്നത് ഏറ്റവും ഉയർന്ന മുൻഗണന ആയിരിക്കുമെന്നു ഹാരിസ് ഉറപ്പു നൽകി.
ഇരു കക്ഷികളും ചേർന്നു കൊണ്ട് വന്ന കുടിയേറ്റ ബിൽ പാസാക്കി എടുക്കണം.ആ ബിൽ ഡൊണാൾഡ് ട്രംപ് തടഞ്ഞിട്ടതാണ് ഇന്നു കാണുന്ന അതിർത്തി പ്രശ്നങ്ങൾക്കു കാരണം. നമ്മുടെ കുടിയേറ്റ സംവിധാനം താറുമാറായി. അതു ശരിയാക്കി എടുക്കണം. ട്രംപിനു പ്രശ്നങ്ങൾ നിലനിൽക്കുന്നതാണ് ഇഷ്ടം. എനിക്ക് അവ പരിഹരിക്കാനാണ് മുൻഗണന.
ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നുപോലെ ആശങ്ക ഉള്ളതായി താൻ കാണുന്നുവെന്ന് ഹാരിസ് പറഞ്ഞു. "അമേരിക്കൻ ജനതയ്ക്കു വേണ്ടത് രാജ്യത്തെ ശുഭാപ്തി വിശ്വാസത്തോടെ നയിക്കുന്ന പ്രസിഡന്റാണ്.
അവരുടെ വെല്ലുവിളികളെ നേരിടുന്ന ഒരാൾ. "ഡൊണാൾഡ് ട്രംപ് ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ എടുത്തു മാറ്റാൻ ആഗ്രഹിക്കുന്നു." അബോർഷൻ അവകാശം എടുത്തു മാറ്റാനുള്ള തീരുമാനം അതിലൊന്നാണ്. സ്വന്തം ശരീരത്തെ എന്ത് ചെയ്യണമെന്നു തീരുമാനിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ട്.
അതേ പോലെ, പൗരന്മാരുടെ സാമ്പത്തിക ആവശ്യങ്ങൾ മുൻഗണനയാക്കേണ്ടതുണ്ട്. ആഗോള വേദികളിൽ നമ്മുടെ രാജ്യത്തിൻറെ കരുത്തു കാട്ടുകയും വേണം.
വ്യാഴാഴ്ച അറ്റ്ലാന്റായ്ക്കടുത്തു താരനിബിഡമായ വേദിയിൽ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുമൊത്തു ഹാരിസ് പ്രചാരണം നടത്തും. ബ്രൂസ് സ്പ്രിങ്‌സ്റ്റീൻ അരങ്ങു തകർക്കുമ്പോൾ ഒബാമയ്‌ക്കു പുറമെ ആദ്യമായി മിഷേൽ ഒബാമയും ഉണ്ടാവും.