യുഎസിൽ പ്രവേശിക്കുന്നതിൽ നിന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര വിദ്യാർഥികളെ ട്രംപ് ഭരണകൂടം തടഞ്ഞാൽ അവർക്കു പഠനം പൂർത്തിയാക്കി ഹാർവാർഡ് ബിരുദം നേടാൻ ഓൺലൈൻ സംവിധാനം അനുവദിക്കാൻ തീരുമാനം. കാനഡയിൽ യൂണിവേഴ്സിറ്റി ഓഫ് ടൊറൊന്റോയിൽ കോഴ്സ് പൂർത്തിയാക്കാനുള്ള ഏർപ്പാടും ഉണ്ടാവും.
കോവിഡ് കാലത്തു പ്രയോജനപ്പെടുത്തിയ ഓൺലൈൻ പഠനം നടപ്പാക്കാൻ ഹാർവാർഡിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റും ഹാർവാർഡ് ബിസിനസ് സ്‌കൂളും തീരുമാനിച്ചിട്ടുണ്ട്. ആയിരങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കെന്നഡി സ്കൂൾ അവരുടെ തീരുമാനം വിദേശ വിദ്യാർഥികൾക്കുളള പുതിയ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിലെ അധ്യാപകർ ലോകമൊട്ടാകെ വിദ്യാർഥികളുമായി ഇന്റർനെറ്റിൽ ബന്ധപ്പെടും.
യുഎസിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കു ടൊറൊന്റോയിൽ ബിരുദപഠനം പൂർത്തിയാക്കാം. കെന്നഡി സ്കൂളിലെ വിദ്യാർഥികളിൽ പകുതിയിൽ അധികവും വിദേശികളാണ്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിൽ 35% പേരും ഡോക്ടറൽ പഠനത്തിനു 40% പേരും വിദേശത്തു നിന്നുണ്ട്.
മേയ് 22നാണു വിദേശ വിദ്യാർഥികളെ എടുക്കുന്നതിൽ നിന്നു ഭരണകൂടം ഹാർവാർഡിനെ വിലക്കിയത്.