ട്രംപ് ഭരണകൂടവുമായി ഹാർവാർഡ് യൂണിവേഴ്സിറ്റി ഡീൽ ഉണ്ടാക്കാൻ സാധ്യതയെന്നു റിപ്പോർട്ട്. യൂണിവേഴ്സിറ്റിക്കുള്ള ബില്യൺ കണക്കിനു ഡോളറിന്റെ ഗ്രാന്റുകൾ ഭരണകൂടം തടഞ്ഞു വച്ചിരിക്കെ, അവർ $500 മില്യൺ നൽകി ഒത്തുതീർപ്പിനു തയ്യാറാവും എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്.
ഹാർവാർഡ് ഒത്തുതീർപ്പിനു തയാറാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. പൗരാവകാശ ലംഘനത്തിന്റെ പേരിൽ $200 മില്യൺ നൽകി ഒത്തുതീർപ്പിനു കൊളംബിയ യൂണിവേഴ്സിറ്റി തയാറായതിന്റെ പിന്നാലെയാണ് അദ്ദേഹം അതു പറഞ്ഞത്. കൊളംബിയയുടെ ഗ്രാന്റുകൾ ട്രംപ് അതോടെ വിട്ടു കൊടുക്കുകയും ചെയ്തു.
ഫെഡറൽ ഗവേഷണ ഫണ്ടുകൾ നഷ്ടമായതിന്റെ പേരിൽ ഹാർവാർഡ് നൽകിയ പരാതി കോടതിയിൽ നിലനിൽക്കുന്നുണ്ട്. കേംബ്രിഡ്ജ്, മാസച്യുസെറ്റ്സ് ക്യാമ്പസുകളിൽ ഗവേഷണ ലാബുകൾ അടച്ചിടേണ്ടി വന്നുവെന്നു അവർ പറയുന്നു.
ഒത്തുതീർപ്പു ഉണ്ടാവുമെമെന്നു എജുക്കേഷൻ സെക്രട്ടറി ലിൻഡ മക്മഹോൺ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. "ഹാർവാർഡ് ചർച്ചയ്ക്കു എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ," അവർ ന്യൂസ്നേഷനിൽ പറഞ്ഞു.