മധ്യ ടെക്സസിൽ ഞായറാഴ്ച്ച കനത്ത മഴ പെയ്തതോടെ പ്രളയത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ നിർത്തി വച്ചു. ജൂലൈ 4നുണ്ടായ പ്രളയത്തിൽ അപ്രത്യക്ഷരായ ഏതാണ്ട് 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
കനത്ത മഴയും കാറ്റും വന്നതോടെ ഞായറാഴ്ച്ച ഗ്വാഡലുപ് നദിയുടെ തീരങ്ങളിൽ പ്രളയ ജാഗ്രതാ നിർദേശം നൽകി.
കഴിഞ്ഞായാഴ്ച്ച പ്രളയത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിച്ച കെർ കൗണ്ടിയിൽ രാവിലെ മഴ ആർത്തലച്ചു പെയ്തു. എന്നാൽ ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞു. തിരച്ചിൽ വീണ്ടും ആരംഭിക്കാൻ കഴിഞ്ഞെന്നു കൗണ്ടി ഷെരിഫ് അറിയിച്ചു.
ടെക്സസ് ഹിൽ കൺട്രിയിൽ മറ്റു പല കൗണ്ടികളിലും ജാഗ്രത തുടരുന്നു. ലാനോ, സാൻ സാബ, കൊളറാഡോ എന്നിവ ഉൾപ്പെടെ നദികളെല്ലാം കര കവിയുമെന്ന ആശങ്കയുണ്ട്.
ജൂലൈ 4 വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ നാശമുണ്ടായ കെർവിലിൽ ഞായറാഴ്ച്ച രാവിലെ മഴ തകർത്തതോടെ നഗരത്തിലെ പ്രധാന പാതയായ ഹൈവേ 39 അടച്ചു. പക്ഷെ പിന്നീട് മഴ കുറഞ്ഞു.