/sathyam/media/media_files/2025/12/27/f-2025-12-27-04-44-35.jpg)
ലോസ് ഏഞ്ചൽസ്: ക്രിസ്മസ് ദിനത്തിൽ കലിഫോർണിയയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള 'അറ്റ്‌മോസ്ഫെറിക് റിവർ' പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കലിഫോർണിയയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
വെള്ളപ്പൊക്കത്തിലും കാറ്റിലും പെട്ട് മരിച്ച മൂന്ന് പേരും വയോധികരാണെന്ന് അധികൃതർ അറിയിച്ചു. സാൻ ഡിയാഗോയിൽ 75 അടി ഉയരമുള്ള മരം വീണ് 64-കാരനായ റോബർട്ടോ റൂയിസും, റെഡിംഗിൽ വെള്ളപ്പൊക്കത്തിൽ കാറിനുള്ളിൽ കുടുങ്ങി 74-കാരനും മരണപ്പെട്ടു. മെൻഡോസിനോ കൗണ്ടിയിൽ തീരത്ത് ആഞ്ഞടിച്ച ശക്തമായ തിരമാലയിൽപ്പെട്ടാണ് 70-കാരി മരിച്ചത്.
മഴയെത്തുടർന്ന് ലോസ് ഏഞ്ചൽസ്, ഓറഞ്ച്, റിവർസൈഡ്, സാൻ ബെർനാർഡിനോ, സാൻ ഡിയാഗോ, ശാസ്ത എന്നീ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സാൻ ബെർനാർഡിനോ കൗണ്ടിയിലെ റൈറ്റ്‌വുഡ് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശിയതായി റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ ലോസ് ഏഞ്ചൽസിലെ പല പ്രധാന റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലായി. അവധിക്കാലമായതിനാൽ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് മേയർ കാരെൻ ബാസ് നിർദ്ദേശിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us