ന്യൂയോര്‍ക്ക്: ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈംഗികാതിക്രമ കേസില്‍ പിഴ പതിനാലായിരം കോടി ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക. പരാതിക്കാരായ നാല്‍പ്പതോളം സ്ത്രീകള്‍ക്ക് കോടതി വിധിച്ച നഷ്ടപരിഹാരത്തുകയാണ് 1.68 ബില്യണ്‍ ഡോളര്‍!
2022ല്‍ മന്‍ഹാട്ടനില്‍ ഫയല്‍ ചെയ്ത ആദ്യ കേസിന്‍റെ തുടര്‍ച്ചയായാണ് ന്യൂയോര്‍ക്ക് ജൂറിയുടെ ഈ ശിക്ഷാ നടപടി. 35 വര്‍ഷത്തിനിടെ 40 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ജയിംസ് ടൊബാക്കിനെതിരേയുള്ള കേസ്. ഇതു കൂടാതെ അന്യായമായി തടങ്കലില്‍ വച്ചതിനും മാനസിക പീഡനം നടത്തിയതിനും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് യുവതികളെ നിര്‍ബന്ധിച്ചതിനും ജയിംസിനെതിരേ കോടതി നടപടിയെടുത്തു.
സിനിമാ മേഖലയിലെ സ്വാധീനം ദുരുപയോഗം ചെയ്ത് യുവതികളെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നാണ് ഇയാള്‍ ഇരകളോട് പറഞ്ഞിരുന്നത്.
ടൊബാക്കിന്‍റെ ആവശ്യം നിരസിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്ന സ്ത്രീകളോട് വളരെ മോശമായാണ് ഇയാള്‍ പെരുമാറിയിരുന്നതെന്നും പരാതിപ്പെട്ടാല്‍ കരിയര്‍ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
1991ല്‍ ഓസ്കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്. തനിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരെ തനിക്ക് പരിചയമില്ലെന്നു പറഞ്ഞാണ് ടൊബാക്ക് കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ചത്.