വിസയുടെ കാലാവധി കഴിഞ്ഞവരെ ഉടൻ കണ്ടെത്തി നടപടി എടുക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം നിർദേശം നൽകി. കൊളോറാഡോയിലെ ബൗൾഡറിൽ വിസ കഴിഞ്ഞ ഈജിപ്ഷ്യൻ വംശജൻ യഹൂദർക്കു നേരെ ഞായറാഴ്ച്ച ആക്രമണം നടത്തിയതിനെ തുടർന്നാണിത്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി), ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ), സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (സി ഐ എസ്) എന്നീ ഏജന്സികൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്.
ഇമിഗ്രെഷൻ റെക്കോർഡുകൾ അടിയന്തരമായി പരിശോധിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാനാണ് നിർദേശം. ബൈഡൻ ഭരണകൂടത്തിന്റെ പിഴവുകൾ മൂലമാണ് ഈ സാഹചര്യം ഉണ്ടായതെന്നു നോം കുറ്റപ്പെടുത്തുന്നു.
ബൗൾഡറിൽ എട്ടു യഹൂദന്മാർക്കാണ് തീബോംബു കൊണ്ടുള്ള മുഹമ്മദ് സാബ്റി സോലൈമാന്റെ (45) ആക്രമണത്തിൽ പൊള്ളലേറ്റത്. പ്രതിയെയും കുടുംബത്തെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയുടെ വിസ മാർച്ചിൽ അവസാനിച്ചിരുന്നു.
ഭീകരർക്കു യുഎസിൽ ഇടമില്ലെന്നു നോം വ്യക്തമാക്കി. "നിങ്ങൾക്കു ഇവിടെ സ്വാഗതമില്ല. ഞങ്ങൾ നിങ്ങളെ കണ്ടെത്തും, നാട് കടത്തും, നിയമത്തിന്റെ പരമാവധി ബലം ഉപയോഗിച്ചു പ്രോസിക്യൂട്ട് ചെയ്യും."