ഹുസ്റ്റണിൽ പൊലീസ് വാഹനമിടിച്ച് മരണം: 108 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

New Update
G

ഹൂസ്റ്റൺ∙ 2021ൽ ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച 71 വയസ്സുകാരനായ ചാൾസ് പെയ്‌ന്റെ കുടുംബത്തിന് അനുകൂലമായി ഫെഡറൽ ജൂറി 13 മില്യൻ ഡോളർ (ഏകദേശം ₹108 കോടി) നഷ്ടപരിഹാരം അനുവദിച്ചു.

Advertisment

2021ൽ നോർത്ത് ഷെപ്പേർഡ് ഡ്രൈവിൽ വച്ചാണ് ഹൂസ്റ്റൺ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് ചാൾസ് പെയ്ൻ മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്‌ന്റെ കുടുംബം 2023ൽ പൊലീസിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്‌ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി. നഷ്ടപരിഹാര തുക പെയ്‌ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കുമാണ് ലഭിക്കുക.

പൊലീസ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുമ്പോൾ പൗരന്മാർ അപകടത്തിലാണെന്ന് ഈ കേസ് അടിവരയിടുന്നുവെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ സിവിൽ റൈറ്റ്സ് അറ്റോർണി ബെൻ ക്രംപ് അഭിപ്രായപ്പെട്ടു. വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് പെയ്‌ന്റെ ഭാര്യ ഹാരിയറ്റ് പ്രതികരിച്ചു.

Advertisment