ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരന്ത ബാധിതരെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഹ്യൂസ്റ്റണിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെ ജോലിയിൽ നിന്ന് പുറത്താക്കി. സെൻട്രൽ ടെക്സസിൽ വൻ ദുരന്തം വിതച്ച വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പരാമർശമാണ് ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിന്റെ ജോലി തെറിപ്പിച്ചത്.
ബ്ലൂ ഫിഷ് പീഡിയാട്രിക്സിൽ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റ് പ്രദേശത്തിന്റെ രാഷ്ട്രീയ ചായ്‌വുകൾ ചൂണ്ടിക്കാട്ടി കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന പോസ്റ്റിട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
വെള്ളപ്പൊക്കത്തിൽ കാണാതായ പെൺകുട്ടികളുള്ള ക്യാമ്പിനെ 'വെള്ളക്കാർക്ക് മാത്രമുള്ള പെൺകുട്ടികളുടെ ക്യാമ്പ്' എന്നാണ് മുൻ ഹ്യൂസ്റ്റൺ ഫുഡ് ഇൻസെക്യൂരിറ്റി ബോർഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്.
വ്യാപകമായി പ്രചരിച്ച പോസ്റ്റിൽ അവർ ഇങ്ങനെ കുറിച്ചു.
"എല്ലാ സന്ദർശകരും കുട്ടികളും മാഗ ഇതര വോട്ടർമാരും വളർത്തുമൃഗങ്ങളും വെള്ളത്തിൽ നിന്ന് സുരക്ഷിതരായിരിക്കട്ടെ. കെർ കൌണ്ടി മാഗ, ഫെമയെ ഇല്ലാതാക്കാൻ വോട്ട് ചെയ്തു. അവർ കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നു. അവർ എന്തിന് വേണ്ടി വോട്ട് ചെയ്‌തോ അത് അവർക്ക് ലഭിക്കട്ടെ. അവരുടെ ഹൃദയങ്ങളെ അനുഗ്രഹിക്കട്ടെ.''
വെള്ളപ്പൊക്കത്തിന്റെ ഇരകൾ ഡൊണാൾഡ് ട്രംപിന്റെ അനുയായികളാണെന്നും അവർ ദുരന്തം അർഹിക്കുന്നുവെന്നും ഡോക്റ്റർ ഉദ്ദേശിച്ചതായി മീഡിയൈറ്റ് പറയുന്നു.
27 കുട്ടികൾ ഉൾപ്പെടെ 100 ലേറെ പേരുടെ ജീവൻ അപഹരിച്ച പ്രകൃതിദുരന്തത്തിനിടയിലെ ഈ പോസ്റ്റ് സമൂഹത്തിൽ വലിയ രോഷത്തിന് കാരണമായി. ഇവയെല്ലാം ഡോക്ടറുടെ അഭിപ്രായങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തുന്നതായിരുന്നു.
ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.