ഹരിക്കേൻ ഹെലൻ കാറ്റഗറി 2 കരുത്തിലെത്തി ഫ്ലോറിഡയ്ക്കു കനത്ത ഭീഷണിയായി. പതിറ്റാണ്ടുകൾക്കിടയിൽ സംസ്ഥാനം കണ്ട ഏറ്റവും രൂക്ഷമായ കൊടുംകാറ്റുകളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രവചനം.
തീരപ്രദേശത്തു കാറ്റഗറി 4 കൊടുംകാറ്റിനെ നേരിടാനുള്ള ഒരുക്കമാണ് നടക്കുന്നത്. മണിക്കൂറിൽ 130 മൈൽ കരുത്തു പ്രതീക്ഷിക്കുന്നു. 20 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാവാം. ഗൾഫ് ഓഫ് മെക്സിക്കോയിലൂടെ നീങ്ങുന്ന കാറ്റ് ഫ്ലോറിഡ ബിഗ് ബെൻഡിൽ വ്യാഴാഴ്ച്ച എത്തുമ്പോൾ കനത്ത വെല്ലുവിളിയാകും എന്നാണ് നാഷനൽ ഹരിക്കേൻ സെന്റർ പറയുന്നത്. കരുതിയിരിക്കാൻ നിർദേശമുണ്ട്. ഒഴിഞ്ഞു പോകാൻ നിർദേശമുള്ളിടത്തു അതു പാലിക്കണം.
കാറ്റു കാറ്റഗറി 4 വരെ എത്തുമെന്നാണ് അക്കുവെതർ പറയുന്നത്. ടാമ്പാ ഇന്റര്നാഷനൽ എയർപോർട്ട് വ്യാഴാഴ്ച പുലർച്ചെ അടയ്ക്കും. മറ്റു മൂന്ന് ചെറിയ എയർപോർട്ടുകളും.സ്കൂളുകൾ അടച്ചിടും. യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയും. പിനേല കൗണ്ടിയിൽ രോഗികളെ സുരക്ഷാ സ്ഥാനങ്ങളിലേക്കു മാറ്റി തുടങ്ങി. സെന്റ് പീറ്റേഴ്സ്ബർഗ് ആറ് അഭയകേന്ദ്രങ്ങൾ തയാറാക്കി.പ്രസിഡന്റ് ജോ ബൈഡൻ ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.