ഡാളസ് മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന ഹിന്ദു നേതാവ് കാജൽ ഹിന്ദുസ്ഥാനിയുടെ ആഹ്വാനത്തെ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐ എ എം സി), കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (കെയർ-ടെക്സസ്) എന്നീ സംഘടനകൾ ശക്തമായി അപലപിച്ചു. ഡാളസിൽ ജൂൺ 29നു ഹൈന്ദവ സംഘടനകൾ നടത്തിയ ചടങ്ങിലാണ് ഹിന്ദുസ്ഥാനി ഈ ആഹ്വാനം നടത്തിയത്.
ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും അക്രമത്തിനു ആഹ്വാനം ചെയ്യുകയും പതിവാക്കിയ തീവ്രവാദിയാണ് ഹിന്ദുസ്ഥാനിയെന്നു ഐ എ എം സിയും കെയറും ആരോപിച്ചു. ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ, വിശ്വ ഹിന്ദു പരിഷദ് ഓഫ് അമേരിക്ക എന്നീ സംഘടനകളാണ് അവരെ യുഎസിൽ കൊണ്ടുവന്നത്.
പ്രസംഗത്തിനിടയിൽ ഹിന്ദുസ്ഥാനി മുസ്ലിംങ്ങളെ ജിഹാദികൾ എന്നാണ് ആവർത്തിച്ചു വിശേഷിപ്പിച്ചത്. ഡാളസിൽ മുസ്ലിങ്ങൾ നടത്തുന്ന ബിസിനസുകളെ ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തു.
അവരുടെ പ്രസംഗത്തെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു ജൂലൈ 3നു സ്ഥലത്തെ മുസ്ലിം-ക്രിസ്ത്യൻ സഖ്യം പോലീസിൽ പരാതി നൽകി.
ഐ എ എം സി പ്രസിഡൻറ് മുഹമ്മദ് ജവാദ് പറഞ്ഞു: "ഒരു സമൂഹത്തെ മതത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനുളള ശ്രമമാണ് കാജൽ ഹിന്ദുസ്ഥാനിയുടെ പ്രസംഗം. ഇന്ത്യയിൽ മതവിദ്വേഷം ഉണ്ടാക്കിയിട്ടുള്ള ഇത്തരം പ്രസംഗങ്ങൾക്കു ഡാളസിൽ സ്ഥാനമില്ല."
ഇന്ത്യ ഹേറ്റ് ലാബ് എന്ന ഗവേഷണ സംഘടന കണ്ടെത്തിയത് കാജൽ ഹിന്ദുസ്ഥാനി ഇന്ത്യയിൽ ഏറ്റവുമധികം വിദ്വേഷ പ്രസംഗം നടത്തുന്ന നേതാവാണെന്നാണ്.