ഐഡഹോ യൂണിവേഴ്സിറ്റിയിൽ നാലു വിദ്യാർഥികളെ കത്തിക്കു കുത്തി കൊലപ്പെടുത്തിയ ബ്രയാൻ കൊബെർഗർ കുറ്റം ഏറ്റു പറഞ്ഞു വധശിക്ഷയിൽ നിന്ന് ഒഴിവായി. പക്ഷെ 30 വയസിൽ അയാൾ പ്രവേശിക്കുന്നത് യുഎസിൽ ഒരു കുറ്റവാളിയും കയറാൻ മടിക്കുന്ന ഭീകരമായ തടവറയിലേക്കാണ്. ശേഷിക്കുന്ന ജീവിതം മുഴുവൻ ഐഡഹോയിലെ അതീവ സുരക്ഷാ ജയിലിലേക്ക് ബോയ്‌സിലെ അഡ കൗണ്ടി ജയിലിൽ നിന്നു മാറ്റും.
ജൂലൈ 23നു വിധി പ്രസ്താവം കഴിഞ്ഞാൽ അവിടെയാവും കൊബെർഗറുടെ ജീവിതം. അമേദ്ധ്യത്തിന്റെ നാറ്റമടിക്കുന്ന സെല്ലുകൾക്കും ക്രൂരന്മാരായ ഗാർഡുകൾക്കും കുപ്രസിദ്ധി നേടിയ ഇടമാണ് ഐഡഹോ മാക്സിമം സെക്യൂരിറ്റി പ്രിസൺ (ഐ എം എസ് ഐ).
മെച്ചപ്പെട്ട സൗകര്യങ്ങൾ ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം ഐ എം എസ് ഐയിൽ 90 തടവുകാർ സമരം ചെയ്തിരുന്നു. ടിയർ ഗ്യാസും പെപ്പർ സ്പ്രേയും കൊണ്ടാണ് അവരെ അധികൃതർ നേരിട്ടത്.
2024ൽ സെക്യൂരിറ്റി ജേർണൽ അമേരിക്കാസ് ഐ എം എസ് ഐയെ അമേരിക്കയുടെ ഏറ്റവും പ്രാകൃതമായ 15 ജയിലുകളുടെ ലിസ്റ്റിൽ പെടുത്തി.
2022 നവംബറിൽ യൂണിവേഴ്സിറ്റിക്കടുത്ത അപ്പാർട്ട്മെന്റിൽ ഉറങ്ങിക്കിടന്ന നാലു വിദ്യാർഥികളെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി ക്രിമിനൽ ജസ്റ്റിസ് ഡോക്ടറൽ വിദ്യാർഥിയായ കൊബെർഗറെ അറസ്റ്റ് ചെയ്ത പോലീസിനു തെളിവുകൾ സംഘടിപ്പിക്കുന്നത് കഠിനമായിരുന്നു. ചൊവാഴ്ച്ച ഡീലിനു വഴങ്ങി കോബർഗർ കുറ്റം സമ്മതിച്ചു.
മാഡിസൺ മൊഗെൻ, കയ്‌ലി ഗോൺസാൽവസ്, സന ക്രേനോഡിൽ, എതാൻ ചാപ്പിൻ എന്നീ വിദ്യാർഥികളെ കോബർഗർ എന്തിനു കൊന്നു എന്നു വിശദീകരിക്കാൻ പക്ഷെ പോലിസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. വിധി പ്രസ്താവിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് പ്രതീക്ഷ.